| Tuesday, 28th April 2026, 3:23 pm

ചേട്ടന്‍ വേട്ടക്കിറങ്ങുന്നു; താണ്ഡവമാടിയാല്‍ വാര്‍ണറും വീഴും!

ഫസീഹ പി.സി.

ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള തന്റെ ആദ്യ സീസണില്‍ ആരാധകരുടെ മനസ് കീഴടക്കി മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സീസണില്‍ ഇതിനകം തന്നെ താരം രണ്ട് സെഞ്ച്വറികള്‍ അടിച്ച് കഴിഞ്ഞിരിക്കുന്നു. ചേട്ടന്‍ തിളങ്ങിയ മത്സരങ്ങളില്ലെല്ലാം ചെന്നൈ വിജയിച്ചുവെന്നത് വിസില്‍ പോഡ് ആര്‍മിക്കിടയില്‍ താരത്തിന് പ്രത്യേക സ്ഥാനമുണ്ടാക്കിയിട്ടുണ്ട്.

ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ സഞ്ജുവിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ച്വറിയടിച്ച് ടീമിന് മലയാളി ബാറ്റര്‍ സീസണിലെ ആദ്യ വിജയം സമ്മാനിച്ചതോടെ അവയെല്ലാം പ്രശംസകളായി മാറി. 115 റണ്‍സായിരുന്നു താരത്തിന്റെ ഈ മത്സരത്തിലെ സമ്പാദ്യം.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

അടുത്ത മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ തോല്‍പ്പിച്ചപ്പോള്‍ 48 റണ്‍സെടുത്ത സഞ്ജുവായിരുന്നു ടോപ് സ്‌കോറര്‍. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് താരവും ടീമും പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ ഉഗ്രന്‍ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. വാംഖഡെയില്‍ പുറത്താവാതെ 101 റണ്‍സെടുത്തായിരുന്നു വിക്കറ്റ് കീപ്പര്‍ ചെന്നൈയ്ക്ക് വിജയം നേടിക്കൊടുത്തത്.

എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ഒരിക്കല്‍ കൂടി ചെറിയ സ്‌കോറില്‍ വീണു. എന്നാല്‍ മെയ് രണ്ടിന് മുംബൈക്കെതിരെ തങ്ങളുടെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ താരം മടങ്ങി വരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അതിന് കരുത്ത് പകരുന്നതാകട്ടെ ഈ സീസണില്‍ തന്നെ പലപ്പോഴും കാലിടറിയതിന് ശേഷം ബാറ്റ് കൊണ്ട് തിളങ്ങിയ ചേട്ടന്‍ തന്നെയാണ്.

ചെപ്പോക്കില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന്റെ മുന്നില്‍ ഒരു സൂപ്പര്‍നേട്ടമുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച ഏഴാമത്തെ താരമെന്ന പട്ടമാണ് താരത്തിന് സ്വന്തമാക്കാനാവുക. അതിനായി വേണ്ടതാകട്ടെ മൂന്ന് സിക്‌സുകളും.

സഞ്ജു സാംസണ്‍.

നിലവില്‍ സഞ്ജുവിന് 179 ഇന്നിങ്‌സുകളില്‍ നിന്ന് 234 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ മൂന്ന് സിക്‌സുകള്‍ കൂടി അടിക്കാന്‍ സാധിച്ചാല്‍ മുന്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറിനെ പിന്തള്ളാം. ടൂര്‍ണമെന്റില്‍ 184 ഇന്നിങ്‌സുകളില്‍ നിന്നും 236 സിക്‌സുകളാണ് താരം നേടിയിട്ടുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 271 – 310

വിരാട് കോഹ്ലി – 267 – 305

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്സ് – 170 – 251

ഡേവിഡ് വാര്‍ണര്‍ – 184 – 236

സഞ്ജു സാംസണ്‍ – 179 – 234

ആന്ദ്രേ റസല്‍ – 115 – 223

Content Highlight: IPL 2026: Sanju Samson needs three sixes to become 7th batter to hit most sixes in IPL by surpassing David Warner

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more