ഐ.പി.എല്‍ 2026 ല്‍ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. നാളെ (മെയ് 20) നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. പ്ലേഓഫ് ഉറപ്പിക്കാന്‍ മറ്റ് ടീമുകള്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയും വേണം.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
സീസണിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ മലയാളി താരം സഞ്ജു സാംസണിന് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഐ.പി.എല്‍ ചരിത്രത്തിലെ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളാനാണ് താരത്തിന് സാധിക്കുക.
ഇതിനായി സഞ്ജുവിന് ഒമ്പത് സിക്‌സുകള്‍ കൂടിയാണ് വേണ്ടത്. നിലവില്‍ ഐ.പി.എല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ നേടിയിട്ടുള്ളത് 243 സിക്‌സറുകളാണ്. ഇതിലേക്ക് ഒമ്പത് എണ്ണം കൂടി ചേര്‍ത്താല്‍ സിക്സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ ഡി വില്ലിയേഴ്‌സിനെ മറികടന്ന് അഞ്ചാമനാകാന്‍ താരത്തിന് സാധിക്കും. 170 ഇന്നിങ്‌സില്‍ നിന്ന് 251 സിക്‌സറുകളാണ് പ്രോട്ടിയാസ് ഇതിഹാസം നേടിയിട്ടുള്ളത്.
(താരം – ഇന്നിങ്‌സ് – സിക്സറുകള്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 141 – 357
രോഹിത് ശര്‍മ – 275 – 323
വിരാട് കോഹ്ലി – 272 – 312
എം.എസ്. ധോണി – 242 – 264
എ.ബി. ഡി വില്ലിയേഴ്സ് – 170 – 251
സഞ്ജു സാംസണ്‍ – 189 – 243*
ഡേവിഡ് വാര്‍ണര്‍ – 184 – 236
കെ.എല്‍. രാഹുല്‍ – 149 – 235
ആന്ദ്രേ റസല്‍ – 115 – 223
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
സഞ്ജു ഈ സീസണില്‍ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. 13 ഇന്നിങ്‌സില്‍ കളിച്ച താരം ഇതുവരെ 477 റണ്‍സെടുത്തിട്ടുണ്ട്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും വിക്കറ്റ് കീപ്പര്‍ അടിച്ചിട്ടുണ്ട്.
ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി. 56 പന്തില്‍ പുറത്താകാതെ 115 റണ്‍സാണ് താരം നേടിയത്. മലയാളി ബാറ്ററുടെ രണ്ടാം സെഞ്ച്വറി പിറന്നത് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു. 54 പന്തില്‍ 101 റണ്‍സായിരുന്നു അന്നത്തെ താരത്തിന്റെ സമ്പാദ്യം.
Content Highlight: IPL 2026: Sanju Samson needs 9 sixes to surpass AB De Villiers in most sixes in IPL