| Tuesday, 12th May 2026, 4:20 pm

'ഡബിള്‍ സെഞ്ച്വറി'ക്ക് മുകളില്‍ പറന്നുയരാന്‍ സഞ്ജു; പുതുനേട്ടം സ്വന്തമാക്കാന്‍ ചേട്ടന്‍

ഫസീഹ പി.സി.

മലയാളി താരം സഞ്ജു സാംസണ്‍ പുതിയ നേട്ടങ്ങള്‍ കുറിച്ചുകൊണ്ട് ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ്. കഴിഞ്ഞ മത്സരത്തിലും താരം മിന്നും ബാറ്റിങ്ങുമായി ആരാധകര്‍ക്ക് വിരുന്നൊരുക്കിയിരുന്നു. പതിവ് പോലെ വലിയ സ്‌കോറുകള്‍ സമ്മാനിച്ചില്ലെങ്കിലും താരം ചെന്നൈയ്ക്ക് വെടിക്കെട്ട് തുടക്കം തന്നെയാണ് നല്‍കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ അരങ്ങേറ്റ സീസണില്‍ തന്നെ ഈ പ്രകടനങ്ങളുമായി വിസില്‍ പോട് ആര്‍മിയുടെ പ്രിയപ്പെട്ടവനായി താരം മാറി കഴിഞ്ഞിട്ടുണ്ട്. ടീമിന് ഇനി ഈ സീസണില്‍ മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതില്‍ ചേട്ടന്‍ മികച്ച പ്രകടനം നടത്തി ചെന്നൈയെ പ്ലേഓഫില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

മെയ് 15നാണ് ചെന്നൈയുടെ അടുത്ത മത്സരം. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സഞ്ജുവിനെ കാത്ത് ഒരു സൂപ്പര്‍ നേട്ടമുണ്ട്.

ഐ.പി.എല്ലില്‍ 250 സിക്സറുകള്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇതിനായി വിക്കറ്റ് കീപ്പര്‍ക്ക് വേണ്ടത് എട്ട് സിക്‌സറുകളാണ്. നിലവില്‍ താരത്തിന് ടൂര്‍ണമെന്റില്‍ 240 സിക്‌സറുകളുണ്ട്. 182 ഇന്നിങ്‌സുകളില്‍ കളിച്ചാണ് താരം ഇത്രയും സിക്സറുകള്‍ അടിച്ചത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കായാണ് സഞ്ജു കളത്തിലിറങ്ങിയിട്ടുള്ളത്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

നിലവില്‍ ഐ.പി.എല്‍ ചരിത്രത്തിലെ സിക്സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ് സഞ്ജു. പത്ത് സിക്‌സുകള്‍ നേടാനായാല്‍ താരത്തിന് ഈ നേട്ടത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാം. നിലവില്‍ അഞ്ചാം സ്ഥാനത്ത് 170 ഇന്നിങ്‌സില്‍ നിന്ന് 251 സിക്സറുകള്‍ നേടിയ പ്രോട്ടിയാസ് താരം എ.ബി. ഡി വില്ലിയേഴ്സാണ്.

ഐ.പി.എല്‍ 2026ല്‍ സഞ്ജു തകര്‍പ്പന്‍ ഫോമിലാണ്. 11 ഇന്നിങ്‌സില്‍ കളിച്ച താരം ഇതിനകം തന്നെ 430 റണ്‍സെടുത്തിട്ടുണ്ട്. ഇതിനൊപ്പം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും താരം അടിച്ച് കൂട്ടി. ഈ സീസണില്‍ ഇതുവരെ 45 ഫോറുകളും 23 സിക്‌സറുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഈ നേട്ടവും താരം അനായാസം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: IPL 2026: Sanju Samson needs 8 sixes to complete 250 sixes in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more