| Thursday, 13th November 2025, 10:59 pm

ധോണിക്കൊപ്പം ഇനി സഞ്ജുവും; കരാറിൽ ഒപ്പുവെച്ച് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈക്കായി കളത്തില്‍ ഇറങ്ങും. സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയും സാം കറനും സഞ്ജുവിന് പകരം രാജസ്ഥാനിലേക്കും ചേക്കറി. മൂന്ന് താരങ്ങളും ട്രേഡ് കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചെന്നാണ് വിവരം.

ഇനി ഈ ട്രേഡ് യാഥാര്‍ഥ്യമാവാന്‍ ബി.സി.സി.ഐ അനുമതി നേടാന്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് കൂടി നേടിയാല്‍ സഞ്ജു, ജഡേജ, സാം കൈമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമെന്നും ഡീല്‍ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇംഗ്ലണ്ട് താരമായ സാം കറനെ കൈമാറുന്നതില്‍ തടസങ്ങളുണ്ടെന്നും ഇതാണ് കരാര്‍ വൈകുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് വിവരം.

ക്യാപ്റ്റന്‍സി ലഭിക്കുമെന്ന ഉറപ്പിലാണ് രവീന്ദ്ര ജഡേജ രാജസ്ഥാനിലേക്ക് ചേക്കേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ആദ്യ ക്ലബ്ബിലേക്കാണ് ജഡേജ തിരിച്ചെത്തിയിരിക്കുന്നത്. ചെന്നൈയെ 2022 സീസണില്‍ നയിച്ച അനുഭവവുമായാണ് രാജസ്ഥാനില്‍ ജഡേജ എത്തുന്നത്.

എന്നാല്‍, താരത്തിന്റെ ക്യാപ്റ്റന്‍സി റെക്കോഡ് വളരെ മോശമാണ്. എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ജഡേജ സീസണിന്റെ പകുതിയില്‍ ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു.

അതേസമയം, സഞ്ജു ചെന്നൈയിലെത്തുമ്പോള്‍ താരത്തിന്റെ സ്ഥാനം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എം.എസ്. ധോണി വിക്കറ്റ് കീപ്പറുടെ റോളില്‍ ഉള്ളതിനാല്‍ ഉടനെയൊന്നും സ്റ്റംപിന് പിന്നില്‍ മലയാളി താരത്തെ കാണാന്‍ സാധിച്ചേക്കില്ല. ഋതുരാജ് ഗെയ്ക്വാദും ഉള്ളതിനാല്‍ ക്യാപ്റ്റന്‍സിയുടെ കാര്യവും സംശയത്തിലാണ്.

Content Highlight: IPL 2026: Sanju Samson-Jadeja IPL trade signing completed, pending BCCI approval: Report

We use cookies to give you the best possible experience. Learn more