| Friday, 8th May 2026, 11:53 pm

സഞ്ജുവിന്റെ ഐശ്വര്യം; പിറന്നത് സെഞ്ച്വറികളുടെ പെരുമഴ

ഫസീഹ പി.സി.

ആരാധകര്‍ക്ക് വിരുന്നൊരുക്കി ഐ.പി.എല്‍ 2026 ആവേശകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. 51 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്ലേഓഫ് സ്‌പോട്ടിനുള്ള പോരാട്ടം മുറുകുന്ന കാഴ്ച്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തുടര്‍ച്ചയായ തോല്‍വി വഴങ്ങിയ ടീമുകള്‍ പോലും വിജയവഴിയില്‍ തിരിച്ചെത്തി ടോപ് ഫോറില്‍ എത്താനുള്ള കടുത്ത ശ്രമത്തിലാണ്. ഇത് വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്.

നിലവില്‍ പകുതിയിലധികം മത്സരങ്ങള്‍ അവസാനിച്ച് സീസണ്‍ മുന്നേറുമ്പോള്‍ വലിയ ബാറ്റിങ് വിരുന്നാണ് ആരാധകര്‍ക്ക് ലഭിച്ചത്. അതിന് ഉദാഹരമാണ് ഈ സീസണില്‍ പിറന്ന സെഞ്ച്വറികളുടെ എണ്ണം. 12 സെഞ്ച്വറികളാണ് ഇതുവരെ ഈ സീസണില്‍ താരങ്ങള്‍ അടിച്ച് കൂട്ടിയത്.

ഇതിന് തുടക്കം കുറിച്ചത് മലയാളി താരം സഞ്ജു സാംസണാണ്. ഏപ്രില്‍ 11ന് ചെപ്പോക്കില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് 19ാം സീസണിലെ ആദ്യ സെഞ്ച്വറി കുറിക്കപ്പെട്ടത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സ് നേടി ആരാധകരുടെ ചേട്ടന്‍ ചെന്നൈയുടെ വിജയശില്പിയാകുന്നതിന് ഒപ്പം സീസണിലെ ആദ്യ സെഞ്ചൂറിയനായി മാറി.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

സഞ്ജുവിന് പിന്നാലെ മറ്റ് താരങ്ങള്‍ മൂന്നക്കം കണ്ടു. മുംബൈ ഇന്ത്യന്‍സ് താരം ക്വിന്റണ്‍ ഡി കോക്കയായിരുന്നു സീസണില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയത്. പഞ്ചാബ് കിങ്‌സിനെതിരെ പക്ഷേ ടീമിന് തോല്‍ക്കാനായിരുന്നു വിധി. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ താരം തിലക് വര്‍മ മൂന്നക്കം കടന്നു. ഈ ഇന്നിങ്സ് മുംബൈക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തു.

സീസണിലെ അഞ്ചാമന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു ഇത്. അതിന് ശേഷം സഞ്ജു ഒരിക്കല്‍ കൂടി സെഞ്ച്വറി നേടി. മുംബൈയെ തല്ലിയൊതുക്കിയായിരുന്നു ചേട്ടന്റെ ഈ താണ്ഡവം.

സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com

പിന്നീട് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഈ ലിസിറ്റിലേക്ക് തന്റെ പേര് കൂടി എഴുതി ചേര്‍ത്തു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഇത്തവണ സെഞ്ച്വറി വഴങ്ങേണ്ടി വന്നത്. ദല്‍ഹിയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുലാണ് അടുത്ത സെഞ്ചൂറിയന്‍.

കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചായിരുന്നു രാഹുല്‍ പഞ്ചാബിനെതിരെ താണ്ഡവമാടിയത്. പഞ്ചാബിനെതിരെ രാഹുല്‍ പുറത്താവാതെ 152 റണ്‍സ് നേടിയിട്ടും വിജയം രുചിക്കാനായില്ല.

അടുത്തതായി ഐ.പി.എല്‍ സെന്‍സേഷന്‍ രാജസ്ഥാന്‍ റോയല്‍ താരം വൈഭവ് സൂര്യവംശിയും സെഞ്ചൂറിയന്മാരുടെ ലിസ്റ്റില്‍ ഇടം നേടി. ഒമ്പതാമനായി മുംബൈയുടെ റിയാന്‍ റിക്കില്‍ട്ടന്‍ പേര് ചേര്‍ത്തപ്പോള്‍ പഞ്ചാബിന്റെ കൂപ്പര്‍ കനോലി അടുത്ത ടോണ്‍ കുറിച്ചു.

ഇവര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ബെംഗളൂരുവിനെ തകര്‍ത്തെറിഞ്ഞ് തന്റെ പേര് കൂടി എഴുതി ചേര്‍ത്തു. ഇപ്പോള്‍ ദല്‍ഹിയെ അടിച്ചൊതുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിന്‍ അലനും ഈ ലിസ്റ്റിന്റെ ഭാഗമായി.

അലന്‍ 12ാമനായാണ് ഈ ലിസ്റ്റില്‍ പേര് ചേര്‍ത്തത്. ഈ സീസണില്‍ ഇത്ര സെഞ്ച്വറികള്‍ പിറന്നെങ്കിലും ഇതല്ല ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിച്ച സീസണ്‍. 14 സെഞ്ച്വറികള്‍ പിറന്ന 2024 സീസണായിരുന്നു ഇത്. ഐ.പി.എല്‍ 2026 സെഞ്ച്വറികളുടെ ലിസ്റ്റില്‍ 2023 സീസണിനൊപ്പം രണ്ടാം സ്ഥാനമാണ്.

Content Highlight: IPL 2026: Sanju Samson hit first century in IPL 2026 after 10 players hit hundreds

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more