| Tuesday, 19th May 2026, 8:33 am

സഞ്ജുവിന്റെ തേരോട്ടത്തില്‍ തലയും വീണു; 13 വര്‍ഷത്തെ ചരിത്രം തിരുത്തി തോല്‍വിയിലും തലയുയർത്തി ചേട്ടന്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിസ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി.

മലയാളി താരം സഞ്ജു സാംസണിന് മത്സരത്തില്‍ വലിയ സ്‌കോര്‍ എടുക്കാന്‍ സാധിച്ചിരുന്നില്ലങ്കിലും ടീമിന് വെടിക്കെട്ട് തുടക്കം നല്‍കിയിരുന്നു. 13 പന്തുകള്‍ നേരിട്ട താരം 27 റണ്‍സാണ് എടുത്തത്. ഒരു സിക്സറും അഞ്ച് ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. 207.69 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ചേട്ടന്റെ ബാറ്റിങ്.

സഞ്ജു സാംസൺ. Photo: iplt20.com

ഈ ഇന്നിങ്സോടെ സഞ്ജു ഈ സീസണിലെ തന്റെ സമ്പാദ്യം 477 റണ്‍സാക്കി ഉയര്‍ത്തി. ഇതോടെ ഒരു നേട്ടവും താരം തന്റെ പേരില്‍ കുറിച്ചു. സി.എസ്.കെക്കായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം കരസ്ഥമാക്കിയത്.

എം.എസ്. ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് സഞ്ജുവിന്റെ ഈ നേട്ടം. 2013ല്‍ ധോണി 461 റണ്‍സ് നേടിയിരുന്നു. ഇതാണ് ഇപ്പോള്‍ സഞ്ജു പഴങ്കഥയാക്കിയത്.

ഡെവാൾഡ് ബ്രെവിസ്. Photo: Chennai Super Kings/x.com

അതേസമയം, ഡെവാള്‍ഡ് ബ്രെവിസ് 27 പന്തില്‍ 44 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. താരത്തിനൊപ്പം കാര്‍ത്തിക് ശര്‍മ (19 പന്തില്‍ 32), ശിവം ദുബെ (23 പന്തില്‍ 26) എന്നിവരും സംഭാവന ചെയ്തു.

ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാകിബ് ഹുസൈന്‍ രണ്ട് വിക്കറ്റും സ്വാതമാക്കി. ഇഷാന്‍ മലിംഗയും പ്രഫുല്‍ ഹിംഗെയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: IPL 2026: Sanju Samson break MS Dhoni’s all time record of most runs for CSK wicket keepar in an IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more