ഐ.പി.എല്ലില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിന് ഒരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തിലെ എതിരാളികള്‍. വാംഖഡെയിലെ മത്സരത്തില്‍ അവരെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാവും യെല്ലോ ആര്‍മി മെയ് രണ്ടിന് കളത്തിലിറങ്ങുക.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്ത് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഏഴാമത്തെ താരമെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്താന്‍ മലയാളി ബാറ്റര്‍ക്ക് വേണ്ടത് വെറും മൂന്ന് സിക്‌സുകളാണ്.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
നിലവില്‍ സഞ്ജു ഐ.പി.എല്ലില്‍ 179 ഇന്നിങ്സുകളില്‍ നിന്നായി 234 സിക്സുകള്‍ നേടിയിട്ടുണ്ട്. ഇതിലേക്ക് ഒരു മൂന്ന് സിക്‌സുകള്‍ കൂടിയാല്‍ താരത്തിന് ഡേവിഡ് വാർണറിനെ കടത്തി വെട്ടാം. ടൂര്‍ണമെന്റില്‍ 184 ഇന്നിങ്സുകളില്‍ നിന്നും 236 സിക്സുകള്‍ നേടിയ ഓസീസ് താരമാണ് നിലവില്‍ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമത്.
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 141 – 357
രോഹിത് ശര്‍മ – 271 – 310
വിരാട് കോഹ്ലി – 267 – 305
എം.എസ്. ധോണി – 242 – 264
എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251
ഡേവിഡ് വാര്‍ണര്‍ – 184 – 236
സഞ്ജു സാംസണ്‍ – 179 – 234
കെ.എല്‍. രാഹുല്‍ – 144 – 227
ആന്ദ്രേ റസല്‍ – 115 – 223
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
സീസണില്‍ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതുവരെ എട്ട് മത്സരങ്ങളില്‍ ഇറങ്ങിയ താരം ഇതുവരെ 304 റണ്‍സെടുത്തിട്ടുണ്ട്. സീസണില്‍ ഇതിനകം വിക്കറ്റ് കീപ്പര്‍ രണ്ട് സെഞ്ച്വറികളും അടിച്ചിട്ടുണ്ട്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയും മുംബൈ ഇന്ത്യന്‍സിനെതിരെയുമായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.
Content Highlight: IPL 2026: Sanju Samson aim to became seventh six hitter in IPL history by surpassing David Warner