| Monday, 13th April 2026, 3:45 pm

അവൻ പവർ പ്ലേയിൽ തന്നെ എതിരാളികളെ പിന്നിലാക്കാൻ കെൽപ്പുള്ളവൻ: ബാംഗർ

ഫസീഹ പി.സി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണർ ഫിൽ സാൾട്ടിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് ബാംഗർ. സാൾട്ട് പവർ പ്ലേയിൽ നൽകുന്ന തുടക്കം അതിശയകരമാണെന്നും അത് തന്നെയാണ് കൊൽക്കത്തയിലും നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പവർ പ്ലേയിൽ ടീമിന് മുൻ‌തൂക്കം സമ്മാനിക്കാൻ കെൽപ്പുള്ള താരമാണ് സാൾട്ടെന്നും ഈ ഓവറുകളിൽ താരം ഉണ്ടാക്കുന്ന ആഘാതം വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു ബാംഗർ.

സഞ്ജയ് ബാംഗർ. Photo: Crictracker

‘പവർ പ്ലേയിൽ ഫിൽ സാൾട്ട് നൽകുന്ന തുടക്കം അതിശയകരമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും അവൻ ഇത് തന്നെയാണ് ചെയ്‌തത്‌. ആ സീസണിൽ അവർ ചാമ്പ്യന്മാരാവുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ആർ.സി.ബിയിൽ എത്തിയപ്പോഴും ഇങ്ങനെ തന്നെയായിരുന്നു.

പവർ പ്ലേയിൽ ടീമിന് മുൻ‌തൂക്കം സമ്മാനിക്കാൻ കെൽപ്പുള്ള താരമാണ് സാൾട്ട്. പവർപ്ലേ ജയിക്കുകയെന്നാൽ ബാറ്റിങ്ങിൽ നിങ്ങൾക്ക് ഏകദേശം 75 റൺസ് നേടുക എന്നതാണ്. അത്രയും നേരം തുടരാനുള്ള റേഞ്ച് അവനുണ്ട്. അതിനാൽ അവൻ ആദ്യ ഓവറിൽ തന്നെ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഇത് നൽകുന്ന ആഘാതം എതിരാളികളെ വലിയ രീതിയിൽ സമ്മർദത്തിലാക്കുന്നു,’ ബാംഗർ പറഞ്ഞു.

ഫിൽ സാൾട്ട്. Photo: IndianPremierLeague/x.com

മുംബൈക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 36 പന്തുകൾ നേരിട്ട് 78 റൺസാണ് താരം സ്കോർ ചെയ്തത്. ബെംഗളൂരുവിന്റെ ടോപ് സ്കോററായ താരം അടിച്ചത് ആറ് വീതം സിക്സുകളും ഫോറുകളുമാണ്. 216. 67 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്താണ് ഇംഗ്ലണ്ട് ബാറ്റർ മുംബൈ താരങ്ങളെ തല്ലിയൊതുക്കിയത്.

ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് കളിച്ച സാൾട്ട് 132 റൺസ് നേടിയിട്ടുണ്ട്. 33.00 ശരാശരിയും178.37 സ്ട്രൈക്ക് റേറ്റുമാണ് താരത്തിന് ഈ സീസണിലുള്ളത്.

Content Highlight: IPL 2026: Sanjay Banger praise RCB opener Phil Salt’s performance  against Mumbai Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more