| Monday, 4th May 2026, 11:27 am

ഗെയ്ല്‍ തലപ്പത്തുള്ള ലിസ്റ്റില്‍ സായ്‌യുടെ കുതിപ്പ്; ഇതിഹാസത്തിനെ മറികടന്ന് രണ്ടാമന്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ ദിവസം സീസണിലെ ആറാം വിജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചാണ് ആതിഥേയരുടെ വിജയം. നാല് വിക്കറ്റിനായിരുന്നു ഗില്ലും സംഘവും വിജയിച്ച് കയറിയത്.

മത്സരത്തില്‍ ഗുജറാത്തിനായി തിളങ്ങിയത് ഓപ്പണര്‍ സായ് സുദര്‍ശനാണ്. 41 പന്തുകളിൽ നിന്നായി 57 റണ്‍സാണ് താരം നേടിയത്. ഒരു സിക്സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിങ്സ്. 139.02 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സായ് സ്വന്തമാക്കി. ആദ്യ 50 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഗുജറാത്ത് ഓപ്പണര്‍ നേടിയത്. 2178 റണ്‍സുമായാണ് താരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

സായ് സുദർശൻ. Photo: IndianPremierLeague/x.com

ഓസ്ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിനെ മറികടന്നാണ് സായ്‌യുടെ മുന്നേറ്റം. 1933 റണ്‍സ് നേടിയാണ് ഓസീസ് ഇടം കൈയ്യന്‍ ബാറ്റര്‍ രണ്ടാം സ്ഥാനം കൈപ്പിടിയില്‍ ഒതുക്കിയിരുന്നത്. അതാണ് സായ് ഇപ്പോള്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.

50 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്

ക്രിസ് ഗെയ്ല്‍ – 2236

സായ് സുദര്‍ശന്‍ – 2178

ഷോണ്‍ മാര്‍ഷ് – 1933

മൈക്ക് ഹസി – 1777

ഋതുരാജ് ഗെയ്ക്വാദ് – 1771

ഷെയ്ന്‍ വാട്‌സണ്‍ – 1725

സുദര്‍ശന് പുറമെ ഗുജറാത്തിനായി വാഷിങ്ടണ്‍ സുന്ദറും ജോസ് ബട്‌ലറും മികവ് പുലര്‍ത്തി. സുന്ദര്‍ 23 പന്തില്‍ 40 റണ്‍സും ബട്‌ലര്‍ 22 പന്തില്‍ 26 റണ്‍സും നേടി. ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ പിഴുതു. കാഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകളും റഷീദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം, മെയ് ഒമ്പതിനാണ് ഗുജറാത്ത് അടുത്ത മത്സരത്തിന് ഇറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സാണ് ടീമിന്റെ എതിരാളികള്‍. ആര്‍.ആറിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: Sai Sudarshan become second batter to score most runs in IPL after 50 innings

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more