| Wednesday, 13th May 2026, 8:58 am

സ്‌പെഷ്യല്‍ ഹാട്രിക്കുമായി സായ്; ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. വിജയത്തോടെ ടീം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയും ചെയ്തു.

മത്സരത്തില്‍ ഗുജറാത്തിനായി തിളങ്ങിയത് അര്‍ധ സെഞ്ച്വറി നേടി സായ് സുദര്‍ശനാണ്. 44 പന്തില്‍ 61 റണ്‍സിന്റെ താരത്തിന്റെ സമ്പാദ്യം. രണ്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമടക്കമാണ് ഗുജറാത്ത് ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നത്.

സായ് സുദർശൻ. Photo: IndianPremierLeague/x.com

ഇന്നിങ്സോടെ സുദര്‍ശന് ഈ സീസണിലെ തന്റെ സമ്പാദ്യം 501 റണ്‍സായി ഉയര്‍ത്താന്‍ സാധിച്ചു. ഇത് തുടര്‍ച്ചയായ മൂന്നാം സീസണിലാണ് താരം 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ഇത് 2024, 2025, 2026 സീസണുകളിലാണ്.

ഇതോടെ ഒരു നേട്ടവും സായ് സ്വന്തമാക്കി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സീസണുകളില്‍ 500+ റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റിലേക്കാണ് താരം തന്റെ പേരും ചേര്‍ത്തുവെച്ചത്. ഈ നേട്ടത്തില്‍ ഗുജറാത്ത് ഓപ്പണര്‍ മൂന്നാം സ്ഥാനത്താണ്.

വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കൊപ്പമാണ് സായ് ഈ നേട്ടം പങ്കിടുന്നത്. ഈ നേട്ടത്തില്‍ ഒന്നാമത് ഡേവിഡ് വാര്‍ണറാണ്. താരം ഐ.പി.എല്ലില്‍ കളിച്ച തുടര്‍ച്ചയായ സീസണുകളിലായിരുന്നു ഇത്. 2014, 2015, 2016, 2017, 2019, 2020 എന്നീ സീസണുകളിലാണ് താരം ഇത്ര റണ്‍സ് നേടിയത്. 2018ല്‍ ഓസീസ് ഇതിഹാസം ടൂര്‍ണമെന്റില്‍ കളിച്ചിരുന്നില്ല.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സീസണുകളില്‍ 500+ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങള്‍

(എണ്ണം – താരം – സീസണുകള്‍ എന്നീ ക്രമത്തില്‍)

6 – ഡേവിഡ് വാര്‍ണര്‍ – 2014, 2015, 2015, 2017, 2019, 2020

5 – കെ.എല്‍. രാഹുല്‍ – 2018, 2019, 2020, 2021, 2022

3* – സായ് സുദര്‍ശന്‍ – 2024, 2025, 2026

3 – വിരാട് കോഹ്ലി – 2023, 2024, 2025

3 – ക്രിസ് ഗെയ്ല്‍ – 2011, 2012, 2013

3 – ശിഖര്‍ ധവാന്‍ – 2019, 2020, 2021

2 – എ.ബി. ഡി വില്ലിയേഴ്സ് – 2015, 2016

2 – ക്വിന്റണ്‍ ഡി കോക്ക് – 2019, 2020

2 – ഋതുരാജ് ഗെയ്ക്വാദ് – 2023, 2024

മെയ് 16നാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. ഈ മത്സരത്തിന് വേദിയാവുന്നത് കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ്.

Content Highlight: IPL 2026: Sai Sudarshan  became third batter to score 500+ runs in most consecutive IPL Seasons

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more