ഐ.പി.എല്‍ 2026 സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍ മാറിയിരുന്നു. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ഇത്.
മത്സരത്തില്‍ സായ് അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 44 പന്തുകള്‍ നേരിട്ട് 61 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സുകളും അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഈ സീസണിലെ തന്റെ സമ്പാദ്യം ഓപ്പണര്‍ 501 ആയി ഉയര്‍ത്തി.
സായ് സുദർശൻ. Photo: IndianPremierLeague/x.com
ഈ സീസണിലെ ആദ്യ അഞ്ഞൂറാനായി മാറിയതോടെ സായ് മറ്റൊരു നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ആദ്യം 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് 24കാരന്‍ തന്റെ പേരിലാക്കിയത്.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലും (2025) സായ് തന്നെയായിരുന്നു ആദ്യമായി 500 റണ്‍സ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം 15 ഇന്നിങ്സുകളില്‍ കളിച്ച താരം 759 റണ്‍സാണ് സ്‌കോര്‍ ചെയ്തിരുന്നത്.
ക്രിസ് ഗെയ്ൽ.
ഇങ്ങനെ ഐ.പി.എല്ലില്‍ അടുത്തടുത്ത സീസണുകളില്‍ 500 റണ്‍സ് ആദ്യം പൂര്‍ത്തിയാക്കിയിട്ടുള്ളത് ക്രിസ് ഗെയ്ല്‍ മാത്രമാണ്. 2012, 2013 സീസണുകളിലായിരുന്നു വിന്‍ഡീസ് ഇതിഹാസത്തിന്റെ റണ്‍വേട്ട. 2012ല്‍ 14 ഇന്നിങ്സുകളില്‍ നിന്നായി താരം 733 റണ്‍സെടുത്തപ്പോള്‍ 2013ല്‍ 16 ഇന്നിങ്സുകളില്‍ നിന്നും 708 റണ്‍സായിരുന്നു സമ്പാദ്യം.
അതേസമയം, സായ് ഈ സീസണിലുടനീളം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 12 ഇന്നിങ്സുകളില്‍ കളത്തിലിറങ്ങിയ താരം ഇതുവരെ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 58 പന്തില്‍ നിന്ന് നേടിയ 100 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. 41.75 ശരാശരിയും 155.10 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
Content Highlight: IPL 2026: Sai Sudarshan and Chris Gayle are only players to be the first to complete 500 runs in two consecutive seasons