| Wednesday, 6th May 2026, 4:39 pm

സഞ്ജു + റണ്‍സ്; ഇത് ചെന്നൈയുടെ വിജയഫോര്‍മുലയെന്ന് ബദ്രിനാഥ്

ഫസീഹ പി.സി.

ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. സഞ്ജുവും റണ്‍സും എന്നാല്‍ വിജയമാണെന്നും ഈ സീസണിലെ വിജയഫോര്‍മുലയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ പതുകെ കളിച്ച സഞ്ജു പിന്നീട് ഗിയര്‍ മാറ്റിയെന്നും ഇതാണ് ഒരു ലോകോത്തര നിലവാരമുള്ള താരവും തുടക്കകാരനും തമ്മിലുള്ള വ്യതാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

എസ്. ബദ്രിനാഥ്.

‘സഞ്ജുവും റണ്‍സും എന്നാല്‍ വിജയമാണ്. ഈ സീസണിലുടനീളം ഇതാണ് സി.എസ്.കെയുടെ ഫോര്‍മുല. അവന്‍ സ്‌കോര്‍ ചെയ്യുമ്പോഴൊന്നും ചെന്നൈ പരാജയപ്പെട്ടിട്ടില്ല. ആദ്യ 22 പന്തില്‍ അവന്‍ ഒരു പന്തിന് ഒരു റണ്‍സ് എന്ന നിലയിലാണ് സ്‌കോര്‍ ചെയ്തത്.

പിന്നീട് സഞ്ജു തന്റെ ബാറ്റിങ് ഗിയര്‍ മാറ്റി. അവന്റെ പ്രകടനത്തില്‍ ഏറ്റവും മികച്ച ഭാഗമായിരുന്നു അത്. ഇതാണ് ഒരു മികച്ച ലോകോത്തര താരവും തുടക്കകാരനും തമ്മിലുള്ള വ്യത്യാസം,’ ബദ്രിനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. 52 പന്തുകള്‍ നേരിട്ട് താരം 87 റണ്‍സെടുത്തു പുറത്താവാതെ നിന്നു. ആറ് സിക്‌സുകളും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 167.31 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദല്‍ഹിക്കെതിരെ കളിച്ചത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഈ സീസണില്‍ ഇത് ആദ്യമായല്ല സഞ്ജു ചെന്നൈയുടെ വിജയശില്പിയായത്. മറ്റ് മൂന്ന് വിജയങ്ങളിലും താരത്തിന്റെ ഇന്നിങ്സ് നിര്‍ണായകമായിരുന്നു. ഈ സീസണില്‍ ദല്‍ഹിക്കെതിരെ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മലയാളി താരം സെഞ്ച്വറിയടിച്ചിരുന്നു. ഇതായിരുന്നു ഈ സീസണിലെ ചെന്നൈയുടെ ആദ്യ വിജയം.

പിന്നീട് സഞ്ജു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 48 റണ്‍സ് നേടിയപ്പോഴും ടീം ജയിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി അടിച്ച് ചെന്നൈയെ ജേതാക്കളാക്കി. മുന്‍ ചാമ്പ്യന്മാരുടെ ഒരു വിജയത്തില്‍ മാത്രമാണ് സഞ്ജുവിന് തിളങ്ങാന്‍ സാധിക്കാതിരുന്നത്. ഇത് മുംബൈക്കെതിരെ സ്വന്തം തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു.

Content Highlight: IPL 2026: S Badrinath says Sanju Samson + runs is CSK’s formula for this entire season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more