ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം സെലക്ഷന്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. ഈ സീസണില്‍ സി.എസ്.കെയുടെ സെലക്ഷന്‍ വളരെ മോശമായിരുന്നുവെന്നും ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ അകീല്‍ ഹൊസൈനെ കളിപ്പിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അകീല്‍ ഹൊസൈന്‍ കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളും സി.എസ്.കെ ജയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയിരുന്നു ബദ്രിനാഥ്.
എസ്. ബദ്രിനാഥ്.
‘സീസണിലുടനീളം സി.എസ്.കെയുടെ സെലക്ഷന്‍ വളരെ മോശമാണ്. ഈ മത്സരത്തില്‍ (ലഖ്നൗ സൂപ്പര്‍ ജയന്‍സ്റ്റിനെതിരെ) അകീല്‍ ഹൊസൈനെ കളിപ്പിക്കേണ്ടതായിരുന്നു. അവന്‍ കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളും സി.എസ്.കെ ജയിച്ചിട്ടുണ്ട്. വാംഖഡെയില്‍ അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഗുര്‍ജപ്നീതിന് പകരം ഉള്‍പ്പെടുത്തേണ്ടിയിരുന്നത് അവനെയായിരുന്നു.
ട്രാക്ക് ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണക്കുന്നതായിരുന്നു. എന്നാലും നിങ്ങളുടെ കരുത്തായി സ്പിന്‍ ബൗളിങ്ങില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു കളിക്കേണ്ടിയിരുന്നത്. അകീലിനെ കളിപ്പിച്ചിരുന്നുവെങ്കില്‍ അത് ബൗളിങ്ങില്‍ അത്യാവശ്യമായിരുന്ന വൈവിധ്യം നല്‍കുമായിരുന്നു. സ്‌ക്വയര്‍ ബൗണ്ടറികള്‍ വലുതായിരുന്നുവെന്നത് അവന് വിക്കറ്റ് വീഴ്ത്തുന്നതില്‍ സഹായിക്കുമായിരുന്നു,’ ബദ്രിനാഥ് പറഞ്ഞു.
അകീൽ ഹൊസെൻ. Photo: CRIC WEEK/x.com
കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ ലഖ്നൗവിനെതിരെ ചെന്നൈ തോല്‍വി വഴങ്ങിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി. ചെന്നൈ ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നാണ് ലഖ്നൗ യെല്ലോ ആര്‍മിയെ തകര്‍ത്തെറിഞ്ഞത്.
ജീവന്‍മരണ പോരാട്ടമായിട്ടും ചെന്നൈ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്ന അകീലിനെ കളിപ്പിച്ചിരുന്നില്ല. ആറ് ഇന്നിങ്‌സില്‍ കളിച്ച താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 8.16 എക്കോണമിയാണ് ഈ സീസണില്‍ താരത്തിനുള്ളത്. 17 റണ്‍സിന് നാല് വിക്കറ്റാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
Content Highlight: IPL 2026: S. Badrinath question why CSK didn’t play Akeal Hosein against LSG