| Saturday, 14th March 2026, 8:07 am

നിങ്ങളെ ടീമില്‍ നിന്ന് പുറത്താക്കിയെന്ന് എങ്ങനെ ധോണിയോട് പറയും? ഐ.പി.എല്ലിന് തൊട്ടുമുമ്പ് തുറന്നടിച്ച് മുന്‍ ചെന്നൈ താരം

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ ആവേശം ആരംഭിക്കാന്‍ ഇനി കേവലം ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ മുതല്‍ ഇപ്പോഴും ടൂര്‍ണമെന്റിന്റെ ഭാഗമായി തുടരുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസം എം.എസ്. ധോണി. ഓരോ സീസണ്‍ അവസാനിക്കുമ്പോഴും ഇതായിരിക്കും ധോണിയുടെ അവസാന സീസണ്‍ എന്ന ചര്‍ച്ചകളുയരുമെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തി തല അടുത്ത സീസണിലും ടീമിനായി കളത്തിലിറങ്ങുകയാണ് പതിവ്.

ഈ സീസണിലും ധോണി ടീമിന്റെ ഭാഗമായിരിക്കുമെന്നും എല്ലാ മത്സരങ്ങളും കളിക്കുമെന്നും സി.ഇ.ഒ കാശി വിശ്വനാഥും വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ റോള്‍ എന്തായിരിക്കുമെന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഡിസിഷനായിരിക്കില്ല, മറിച്ച് സ്റ്റാഫ് ഡിസിഷനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എം.എസ്. ധോണി

കാശി വിശ്വനാഥിന്റെ വാക്കുകളോട് പ്രതികരിക്കുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ താരം എസ്. ബദ്രിനാഥ്. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് പ്രധാന പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് അടക്കമുള്ള കോച്ചിങ് സ്റ്റാഫുകള്‍ക്ക് എങ്ങനെ അദ്ദേഹത്തോട് പറയാന്‍ സാധിക്കുമെന്നു ബദ്രിനാഥ് ചോദിക്കുന്നു.

എസ്. ബദ്രിനാഥ്

‘ഇതൊരു അഡ്മിനിസ്‌ട്രേറ്റീവ് ഡിസിഷനാണോ എന്നതിനെ സംബന്ധിച്ച് എനിക്ക് വലിയ ധാരണയില്ല. സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ പറഞ്ഞത് അദ്ദേഹം (ധോണി) എല്ലാ മത്സരങ്ങളും കളിക്കാന്‍ തയ്യാറാണെന്നാണ്. ക്രിക്കറ്റ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടാകുമെന്ന് പറഞ്ഞ് അദ്ദേഹം അവിടെ വാക്കുകള്‍ നിര്‍ത്തി.

ഇനി ഫ്‌ളെമിങ് (സ്റ്റീഫന്‍ ഫ്‌ളെമിങ്) ധോണിയോട് ‘നിങ്ങള്‍ ഈ മത്സരം കളിക്കേണ്ടതില്ല, നിങ്ങളെ പുറത്താക്കിയിരിക്കുകയാണ്’ എന്ന് പറയുമോ? ഫ്‌ളെമിങ് ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.

എം.എസ്. ധോണി

നിങ്ങളെ പ്ലെയിങ് ഇലവനില്‍ നിന്നും ഡ്രോപ്പ് ചെയ്യുകയാണെന്ന് അദ്ദേഹം എങ്ങനെ ധോണിയോട് പറയും? അതൊന്നും സാധ്യമല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബദ്രിനാഥ് പറഞ്ഞു.

ഇക്കാരണം കൊണ്ട് തന്നെ ധോണി ഈ സീസണില്‍ എല്ലാ മത്സരത്തിലും ചെന്നൈയ്ക്കായി കളത്തിലിറങ്ങുമെന്നും ബദ്രിനാഥ് വിലയിരുത്തി.

‘ഈ ലോകത്തിലെ ഒരു സപ്പോര്‍ട്ടിങ് സ്റ്റാഫിനും, അതിപ്പോള്‍ ഫ്‌ളെമിങ് ആയാല്‍ പോലും നിങ്ങളൊരു ഇംപാക്ട് പ്ലെയറാണെന്നോ അല്ലെങ്കില്‍ ഈ മത്സരം കളിക്കുന്നില്ലെന്നോ ധോണിയോട് പറയാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ഒരു സാധ്യതയുമില്ല. അദ്ദേഹം എല്ലാ മത്സരവും കളിക്കും എന്ന് തന്നെ നമുക്ക് ഇതിനെ വിലയിരുത്താം,’ ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 30നാണ് സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ സെക്കന്‍ഡ് ഹോം സ്‌റ്റേഡിയമാണ് അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: S Badrinath about MS Dhoni and Chennai Super Kings

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more