ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഈ സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന ഗുജറാത്തിനെതിരെയുള്ള മത്സരത്തിലായിരുന്നു താരം ഫോം വീണ്ടെടുത്തത്. തകര്‍ന്നടിഞ്ഞ ചെന്നൈയെ ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് പിടിച്ചുയർത്തിയതും മികച്ച സ്കോർ പടുത്തുയർത്തിയതും.
ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗെയ്ക്വാദ് 60 പന്തുകള്‍ നേരിട്ട് എടുത്തത് 74 റണ്‍സാണ്. ആറ് ഫോറുകളും നാല് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 123.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഋതുരാജ് ഗെയ്ക്വാദ്. Photo: IndianPremierLeague/x.com
മത്സരത്തിനിടെ ഗെയ്ക്വാദ് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 100 സിക്‌സുകള്‍ എന്ന നാഴികക്കല്ലാണ് താരം പിന്നിട്ടത്. ഗുജറാത്തിനെതിരെ മൂന്ന് സിക്‌സുകള്‍ നേടിയതോടെയാണ് ചെന്നൈ ക്യാപ്റ്റന്റെ ഈ നേട്ടം.
ടൂര്‍ണമെന്റിലെ 78ാം ഇന്നിങ്സിലാണ് ഗെയ്ക്വാദ് സിക്സില്‍ സെഞ്ച്വറിയടിച്ചത്. ഇതോടെ 100 സിക്‌സുകള്‍ നേടുന്ന നാലാമത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാകാനും വലം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചു. എം.എസ്. ധോണി, സുരേഷ് റെയ്‌ന, ശിവം ദുബൈ എന്നിവരാണ് സി.എസ്.കെ ജേഴ്‌സിയില്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
അതേസമയം, മത്സരത്തില്‍ ചെന്നൈ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി. ഗെയ്ക്വാദ് ഒഴികെയുള്ള താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതും ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കാത്തതുമാണ് ടീമിന് വിനായത്.
സായ് സുദർശൻ. Photo: IndianPremierLeague/x.com
മറുവശത്ത് സായ് സുദര്‍ശന്റെ അര്‍ധ സെഞ്ച്വറിയാണ് ടീമിനെ വിജയിപ്പിച്ചത്. 46 പന്തില്‍ 87 റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍. ജോസ് ബട്‌ലര്‍ 30 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ ശുഭ്മന്‍ ഗില്‍ 23 പന്തില്‍ 33 റണ്‍സും നേടി.
മെയ് രണ്ടിനാണ് ചെന്നൈയുടെ അടുത്ത മത്സരം. ചിരവൈരികളായ മുംബൈ ഇന്ത്യൻസാണ് എതിരാളികള്‍. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കാണ് വേദി.
Content Highlight: IPL 2026: Ruturaj Gaikwad completed 100 sixes in IPL