| Saturday, 11th April 2026, 9:07 am

സഞ്ജുവിനൊപ്പം നേടിയത് ഇപ്പോള്‍ പരാഗിനൊപ്പവും; ഇങ്ങനെയൊരു ടീം രാജസ്ഥാന്‍ മാത്രം

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ധ്രുവ് ജുറെലിന്റെയും വൈഭവ് സൂര്യവംശിയുടെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് വിജയം സമ്മാനിച്ചത്.

ബെംഗളൂരു ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ടീമിന് തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനും ഒന്നാം സ്ഥാനം നിലനിര്‍ത്താനും സാധിച്ചു.

ഈ സീസണിലെ നാലാം മത്സരത്തിലും വിജയിച്ചതോടെ രാജസ്ഥാന്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഒരു ഐ.പി.എല്‍ സീസണില്‍ ആദ്യ നാല് മത്സരങ്ങള്‍ കൂടുതല്‍ തവണ വിജയിച്ച ടീം എന്ന തങ്ങളുടെ തന്നെ നേട്ടം തിരുത്തി കുറിക്കാനാണ് ടീമിന് സാധിച്ചത്.

രാജസ്ഥാൻ റോയൽസ്. Photo: IndianPremierLeague/x.com

മൂന്ന് സീസണുകളിലാണ് രാജസ്ഥാന്‍ ആദ്യ നാല് മത്സരങ്ങള്‍ വിജയിച്ചത്. 2015, 2024, 2026 എന്നീ വര്‍ഷങ്ങളിലാണ് ഈ വിജയങ്ങള്‍. ഷെയ്ന്‍ വാട്‌സണ്‍, സഞ്ജു സാംസണ്‍, ഇപ്പോള്‍ റിയാന്‍ പരാഗുമാണ് പിങ്ക് ആര്‍മിയെ ഈ വിജയങ്ങളിലേക്ക് നയിച്ചത്.

ഒരു ഐ.പി.എല്‍ സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച ടീം

(ടീം – എണ്ണം – വര്‍ഷങ്ങള്‍ എന്നീ ക്രമത്തില്‍)

രാജസ്ഥാന്‍ റോയല്‍സ് – 3 – 2015/ 2024/ 2026

ചെന്നൈ സൂപ്പര്‍ കിങ്സ് – 1 – 2008

ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 1 – 2009

ദൽഹി ക്യാപിറ്റല്‍സ് – 1 – 2025

പഞ്ചാബ് കിങ്സ് – 1 – 2014

റോയല്‍ ചലഞ്ചേസ് ബെംഗളൂരു – 1 – 2021

ധ്രുവ് ജുറെലും വൈഭവ് സൂര്യവംശിയും.

മത്സരത്തില്‍ രാജസ്ഥാനായി ജുറെല്‍ 43 പന്തില്‍ 81 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ വൈഭവ് 26 പന്തില്‍ 78 റണ്‍സ് സ്‌കോര്‍ ചെയ്തു. 25 പന്തില്‍ 24 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നു.

ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യയും ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ബാറ്റിങ്ങില്‍ ആര്‍.സി.ബിക്കായി തിളങ്ങിയത് ക്യാപ്റ്റന്‍ രജത് പടിദാറാണ്. താരം 40 പന്തില്‍ നാല് വീതം സിക്‌സുകളും ഫോറുകളും അടിച്ച് 63 റണ്‍സെടുത്തു. 16 പന്തില്‍ 32 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 15 പന്തില്‍ പുറത്താവാതെ 29 റണ്‍സെടുത്ത് വെങ്കടേഷ് അയ്യരും മികവ് പുലര്‍ത്തി.

രജത് പടിദാർ. Photo: IndianPremierLeague/x.com

രാജസ്ഥാനായി രവി ബിഷ്ണോയി, ബ്രിജേഷ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതവും പിഴുതു.

Content Highlight: IPL 2026: RR vs RCB: Rajasthan Royals tops the list with most times winning first 4 matches of an IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more