ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം ഗുവാഹത്തിയില്‍ നടക്കുകയാണ്. നിലവില്‍ ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് 132 റണ്‍സെടുത്തിട്ടുണ്ട്. 16 പന്തില്‍ 39 റണ്‍സെടുത്ത ധ്രുവ് ജുറെലും മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടിയ റിയാന്‍ പരാഗുമാണ് ക്രീസിലുള്ളത്.
രാജസ്ഥാന് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയെയും (26 പന്തില്‍ 78) യശസ്വി ജെയ്സ്വാളിനെയും (എട്ട് പന്തില്‍ 13) ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും (ഒരു പന്തില്‍ പൂജ്യം) നഷ്ടമായിട്ടുണ്ട്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ ഒരു വിക്കറ്റിന് 97 എന്ന നിലയിലായിരുന്നു. ഇതോടെ ഒരു ചരിത്രം കുറിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ രാജസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന നേട്ടമാണിത്.
എന്നാലിത് ഐ.പി.എല്‍ ചരിത്രത്തില്‍ അഞ്ചാമത്തെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍.
(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
25/0 – സണ്‍റൈസേഴ്സ് ഹൈദരബാദ് – ദല്‍ഹി ക്യാപിറ്റല്‍സ് – 2024
107/0 – സണ്‍റൈസേഴ്സ് ഹൈദരബാദ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് -2024
105/0 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2017
100/2 – ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് – 2014
97/1 – രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2026
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ആര്‍.സി.ബി എട്ട് വിക്കറ്റിന് 201 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 125 എന്ന നിലയില്‍ പതറിയ ടീമിനെ ക്യാപ്റ്റന്‍ രജത് പടിദാറിന്റെ അര്‍ധ സെഞ്ച്വറിയും വെങ്കടേഷ് അയ്യരുടെ കാമിയോ ഇന്നിങ്സുമാണ് കരകയറ്റിയത്.
രജത് പടിദാർ. Photo: IndianPremierLeague/x.com
മത്സരത്തില്‍ 40 പന്തില്‍ നാല് വീതം സിക്സുകളും ഫോറുകളും അടിച്ച് 63 റണ്‍സെടുത്ത രജത് ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. 16 പന്തില്‍ 32 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും വെങ്കടേഷ് 15 പന്തില്‍ പുറത്താവാതെ 29 റണ്‍സെടുത്ത് തിളങ്ങി.
റൊമാരിയോ ഷെപ്പേര്‍ഡ് (11 പന്തില്‍ 22), ദേവദത്ത് പടിക്കല്‍ (ഏഴ് പന്തില്‍ 14), ടിം ഡേവിഡ് (ഒമ്പത് പന്തില്‍ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
രാജസ്ഥാനായി രവി ബിഷ്ണോയി, ബ്രിജേഷ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ രവീന്ദ്ര ജഡേജയും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
Content Highlight: IPL 2026: RR vs RCB: Rajasthan Royals registered their highest power play score in IPL