ഐ.പി.എല്‍ 2026ല്‍ മൂന്നാം വിജയം സ്വന്തമാക്കി കുതിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞ ദിവസം ആര്‍.ആര്‍ മുംബൈ ഇന്ത്യന്‍സിനെയാണ് ടീം തോല്‍പ്പിച്ചത്.
മോശം കാലാവസ്ഥ മൂലം 11 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 27 റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം. ഇതോടെ ടീം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.
യശസ്വി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com
രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ യശസ്വി ജെയ്സ്വാളാണ്. താരം 32 പന്തുകള്‍ നേരിട്ട് 77 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നാല് സിക്‌സുകളും പത്ത് ഫോറുകളും അടിച്ചായിരുന്നു താരത്തിന്റ താണ്ഡവം. 240.63 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ആര്‍.ആര്‍ ഓപ്പണര്‍ മുംബൈ ബൗളര്‍മാരെ പ്രഹരിച്ചത്.
ഈ ഇന്നിങ്‌സിനിടെ ജെയ്സ്വാള്‍ ഐ.പി.എല്ലില്‍ 100 സിക്‌സുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം കരസ്ഥമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ കുറിച്ചത്.
69 ഇന്നിങ്സുകളില്‍ കളിച്ചാണ് ജെയ്സ്വാള്‍ 100 സിക്‌സ് പൂര്‍ത്തിയാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരബാദ് താരം അഭിഷേക് ശര്‍മയെ മറികടന്നാണ് താരത്തിന്റെ നേട്ടം.
അഭിഷേക് ശർമ.
ഈ ലിസ്റ്റില്‍ ഒന്നാമത് ചെന്നൈ സൂപ്പര്‍ കിങ്സ് താരം ശിവം ദുബൈയാണ്. 59 ഇന്നിങ്സുകളില്‍ കളിച്ചാണ് ഓള്‍റൗണ്ടര്‍ 100 സിക്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗതയില്‍ 100 സിക്‌സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്
ശിവം ദുബെ – 59
റിഷബ് പന്ത് – 62
കെ. എല്‍. രാഹുല്‍ – 68
യശസ്വി ജെയ്സ്വാള്‍ – 69
അഭിഷേക് ശര്‍മ – 74
വൈഭവ് സൂര്യവംശി. Photo: Crictracker/x.com
മത്സരത്തില്‍ ജെയ്സ്വാളിന് പുറമെ വൈഭവ് സൂര്യവംശിയും മികച്ച പ്രകടനം പുറത്തെടുത്തു. താരം 14 പന്തില്‍ അഞ്ച് സിക്‌സുകളും ഒരു ഫോറും അടക്കം 39 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
Content Highlight: IPL 2026: RR vs MI: Yashasvi Jaiswal surpassed Abhishek Sharma in fastest Indian to hit 100 IPL sixes