ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ ഹല്ലാ ബോല്‍ ആര്‍മി തകര്‍ത്തെറിഞ്ഞത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ആര്‍.ആര്‍ ജഡേജയുടെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയും ശേഷം മികച്ച ബൗളിങ് പ്രകടനം നടത്തിയുമാണ് വിജയം നേടിയെടുത്തത്.
രാജസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് 119 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലഖ്നൗവിനെ ഓള്‍ ഔട്ടാക്കി വിജയിച്ചതോടെ ആര്‍. ആര്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സാണ് ടീമിന് കരകയറ്റിയത്. താരം 29 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
രവീന്ദ്ര ജഡേജ. Photo: IndianPremierLeague/x.com
ഒരറ്റത്ത് ഡൊണോവന്‍ ഫെരേരയും (19 പന്തില്‍ 20) പിന്നീട് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശുഭം ദുബെയും (11 പന്തില്‍ 19*) ജഡേജയ്ക്ക് പിന്തുണ നല്‍കി. രാജസ്ഥനായി യശസ്വി ജെയ്സ്വാള്‍ (12 പന്തില്‍ 22), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (18 പന്തില്‍ 22), റിയാന്‍ പരാഗ് (19 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ലഖ്നൗവിന് അത്ര മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ റണ്‍സൊന്നുമെടുക്കാതെ മൂന്ന് താരങ്ങള്‍ കൂടാരം കയറി. പിന്നാലെ എത്തിയ നിക്കോളാസ് പൂരനും ഹിമ്മത്ത് സിങ്ങും കുഞ്ഞന്‍ സ്‌കോറുമായി മടങ്ങി. പൂരന്‍ 25 പന്തില്‍ 22 റണ്‍സുമായും ഹിമ്മത്ത് 15 പന്തില്‍ 15 റണ്‍സുമായാണ് തിരികെ നടന്നത്.
അതുവരെ ക്രീസില്‍ പിടിച്ച് നിന്ന മിച്ചല്‍ മാര്‍ഷും ഏറെ വൈകാതെ പുറത്തായി. 41 പന്തില്‍ 55 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെത്തിയവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ ലഖ്നൗ 119 റണ്‍സിന് പുറത്തായി.
രാജസ്ഥനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകളും നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്താന്‍ ടീമിന് വിജയം സമ്മാനിച്ചത്. ഇത് രാജസ്ഥാന്റെ സീസണിലെ അഞ്ചാം വിജയമാണ്.
Content Highlight: IPL 2026: RR vs LSG: Rajasthan Royals defeated Lucknow Super Giants