ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം.
രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ ക്യാപിറ്റല്‍സിന് സീസണിലെ നാലാം വിജയം സ്വന്തമാക്കാന്‍ സാധിച്ചു.
മത്സരത്തില്‍ ദല്‍ഹിക്കായി അര്‍ധ സെഞ്ച്വറി നേടി കെ.എല്‍. രാഹുല്‍ തിളങ്ങിയിരുന്നു. 40 പന്തില്‍ 75 റണ്‍സാണ് താരം നേടിയത്. 187.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പറുടെ ബാറ്റിങ്. അഞ്ച് സിക്‌സുകളും ആറ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ കുറിച്ചത്. 167 സിക്‌സുകളുമായാണ് താരം മൂന്നാം സ്ഥാനം നേടിയെടുത്തത്. 89 ഇന്നിങ്‌സില്‍ കളിച്ചാണ് ദല്‍ഹി ഓപ്പണര്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇത്രയും സിക്‌സുകള്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്.
മലയാളി താരം സഞ്ജു സാംസണിനെമറികടന്നാണ് രാഹുലിന്റെ ഈ മുന്നേറ്റം. ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറായി 118 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 166 സിക്‌സുകളാണ് അതിര്‍ത്തി കടത്തിയത്.
(താരം – ഇന്നിങ്സ് – സിക്‌സുകള്‍ ഇനീ ക്രമത്തില്‍)
എം. എസ്. ധോണി – 237 – 259
റിഷബ് പന്ത് – 121 -170
കെ.എല്‍. രാഹുല്‍ – 89 – 167
സഞ്ജു സാംസണ്‍ – 118 – 166
ദിനേശ് കാര്‍ത്തിക് – 214 – 147
മത്സരത്തില്‍ രാഹുലിന് പുറമെ ദല്‍ഹിക്കായി പാതും നിസങ്ക 33 പന്തില്‍ 62 റണ്‍സ് നേടി. 17 പന്തില്‍ 33 റണ്‍സുമായി നിതീഷ് റാണയും 15 പന്തില്‍ 25 റണ്‍സുമായി അശുതോഷ് ശര്‍മയും സംഭാവന ചെയ്തു. രാജസ്ഥനായി തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുവശത്ത് രാജസ്ഥാന്‍ നിരയില്‍ റിയാന്‍ പരാഗ് 50 പന്തില്‍ 90 റണ്‍സും ഡൊണോവന്‍ ഫെരേര 14 പന്തില്‍ 47 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം 30 പന്തില്‍ 42 റണ്‍സെടുത്ത് ധ്രുവ് ജുറെലും മികവ് പുലര്‍ത്തി. ദല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും അക്സര്‍ പട്ടേല്‍, കൈല്‍ ജാമിസണ്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തു.
Content Highlight: IPL 2026: RR vs DC: KL Rahul surpassed Sanju Samson in most IPL sixes as wicket keeper