| Tuesday, 5th May 2026, 11:14 am

രോഹിത്തിന്റെ ഒറ്റ ഒന്നില്‍ വീണ് കിങ്ങും; സിംഹാസനം ഹിറ്റ്മാന് സ്വന്തം!

ഫസീഹ പി.സി.

സൂപ്പര്‍ താരം രോഹിത് ശര്‍മ പരിക്ക് മാറി മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഹിറ്റ്മാന്‍ 44 പന്തുകള്‍ നേരിട്ട് സ്‌കോര്‍ ചെയ്തത് 84 റണ്‍സാണ്.

ഏഴ് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 190.91 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റേന്തിയത്. ഈ ഇന്നിങ്സും റിയാന്‍ റിക്കില്‍ട്ടണിന്റെ മിന്നും പ്രകടനവുമായിരുന്നു മുംബൈയ്ക്ക് മൂന്നാം വിജയം സമ്മാനിച്ചത്.

രോഹിത് ശർമ. Photo: IndianPremierLeague/x.com

മറ്റൊരു ഫിഫ്റ്റി നേടിയതോടെ ഒരു സൂപ്പര്‍ നേട്ടവും രോഹിത് സ്വന്തമാക്കി. ഐ.പി.എല്‍ റണ്‍ ചെയ്‌സിങ്ങിനിടെ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. വാംഖഡെയില്‍ ചെയ്‌സിങ്ങിനിടെ 12 തവണ 50 റണ്‍സിന് മുകളില്‍ നേടിയാണ് ഓപ്പണറുടെ നേട്ടം.

ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിരാട് ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ ചെയ്സിങ്ങില്‍ 11 തവണയാണ് 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ഐ.പി.എല്ലില്‍ ചെയ്‌സിങിനിടെ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ താരങ്ങള്‍

(താരം – വേദി – എണ്ണം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – വാംഖഡെ – 12

വിരാട് കോഹ്‌ലി – ചിന്നസ്വാമി – 11

ഡേവിഡ് വാര്‍ണര്‍ – ഉപ്പല്‍ – 9

സൂര്യകുമാര്‍ യാദവ് – വാംഖഡെ – 7

എ.ബി. ഡി വില്ലേഴ്സ് – ചിന്നസ്വാമി – 6

ഡേവിഡ് വാര്‍ണര്‍ – അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയം – 6

രോഹിത് ശർമ. Photo: Mumbai Indians/x.com

ഈ സീസണില്‍ രോഹിത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇതുവരെ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച താരം രണ്ട് അര്‍ധ സെഞ്ച്വറികളടക്കം 221 റണ്‍സെടുത്തിട്ടുണ്ട്. പരിക്ക് മൂലം അഞ്ച് മത്സരങ്ങള്‍ നഷ്ടമായിട്ടും മുന്‍ നായകന്‍ മുംബൈയുടെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്.

Content Highlight: IPL 2026: Rohit Sharma tops the list of most 50+ scores in IPL chases at a venue

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more