| Wednesday, 22nd April 2026, 10:34 pm

ഇത് റണ്ണൗട്ടാല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിക്കണം, റണ്ണൗട്ടായില്ല!; വീഡിയോ

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ ആരാധകര്‍ ഒരു ഫീല്‍ഡിങ് ബ്ലണ്ടറിന് കൂടിയാണ് സാക്ഷിയായത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സിനിടെ ലഖ്നൗ ക്യാപ്റ്റന്‍ റിഷബ് പന്തും പേസര്‍ മൊഹ്സിന്‍ ഖാനും കൂടി നിര്‍ണായക റണ്ണൗട്ട് ചാന്‍സാണ് നഷ്ടപ്പെടുത്തിയത്. ഇരുവരുടെയും ഫീല്‍ഡിങ് പിഴവ് കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് താരം ഡൊണോവന്‍ ഫെരേരയ്ക്ക് വീണ്ടും ജീവന്‍ ലഭിച്ചു. ഒന്നാം ഇന്നിങ്‌സിലെ 15ാം ഓവറിലായിരുന്നു സംഭവം.

മായങ്ക് യാദവ് എറിഞ്ഞ ആ ഓവറിലെ അഞ്ചാം പന്ത് സ്ട്രൈക്കിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ മിഡ് വിക്കറ്റിലേക്ക് അടിച്ചു. ഒരു റണ്ണെടുത്തതിന് പിന്നാലെ രണ്ടാം റണ്ണിനായി ജഡേജ ഫെരേരയെ ക്ഷണിച്ചു. വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ച് ഫെരേര ഓടി.

എന്നാല്‍, ലഖ്നൗ താരം പന്ത് കൈപിടിലൊതുക്കിയെക്കിയെന്ന് കണ്ട് ജഡേജ പാതിവഴിയില്‍ ഫെരേരയെ തിരിച്ചയച്ചു. പക്ഷേ, അതിനകം തന്നെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെത്തിയിരുന്നു ഫെരേര. താരം പെട്ടെന്ന് തിരികെ ഓടിയപ്പോഴേക്കും ഫീല്‍ഡര്‍ പന്ത് വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് എറിഞ്ഞ് നല്‍കിയിരുന്നു.

അത് റണ്ണൗട്ടാകുമെന്ന് ഉറപ്പിച്ചിരിക്കെ പന്തിന് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. അതിനിടെ താരത്തിന്റെ ശരീരം തട്ടി ബൈല്‍സ് ഇളകിയിരുന്നു. അതോടെ ഒന്നാം റണ്ണൗട്ട് ശ്രമം പാഴായി.

ഫെരേര സ്ട്രൈക്കേഴ്സ് എന്‍ഡിലെത്തിയില്ലെന്ന് കണ്ട് അടുത്ത റണ്ണൗട്ട് സാധ്യതയുണ്ടെന്ന് മനസിലാക്കി മൊഹ്സിന്‍ സ്റ്റംപിന് അടുത്തേക്ക് പാഞ്ഞു. രണ്ടാം ശ്രമമെന്ന നിലയില്‍ പന്ത് ബോള്‍ മൊഹ്സിന്‍ എറിഞ്ഞ് കൊടുത്തു. പക്ഷേ, ഫാസ്റ്റ് ബൗളര്‍ക്ക് കൃത്യസമയത്ത് പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ സാധിച്ചില്ല. താരം സ്റ്റംപ് തകര്‍ത്തപ്പോഴേക്കും ഫെരേര ക്രീസിലെത്തിയിരുന്നു.

ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഫെരേരയ്ക്ക് അവസരം മുതലാക്കാന്‍ സാധിച്ചില്ല. പ്രിന്‍സ് യാദവ് എറിഞ്ഞ അടുത്ത ഓവറില്‍ താരം മടങ്ങി. 19 പന്തില്‍ 20 റണ്‍സെടുത്തായിരുന്നു താരത്തിന്റെ സമ്പാദ്യം.

Content Highlight: IPL 2026: Rishabh Pant and Mohsin Khan committed a massive fielding error helps Donovan Ferreira to escapes from run out Twice

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more