2026 ഐ.പി.എല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റ് ചെയുന്ന ആര്‍.സി.ബി ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 76 റണ്‍സെടുത്തിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍ (17 പന്തില്‍ 41), വിരാട് കോഹ്ലി (12 പന്തില്‍ 20) എന്നിവരാണ് ക്രീസിലുള്ളത്.
ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയാണ് ആര്‍.സി.ബിക്ക് നഷ്ടമായത്. ഏഴ് പന്തില്‍ എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ജയദേവ് ഉനദ്കട്ടിനാണ് താരത്തിന്റെ വിക്കറ്റ്.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിരുന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായിട്ടും ഉദയ സൂര്യന്മാരെ മികച്ച സ്‌കോറിലെത്തിച്ചത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്സാണ്.
ഇഷാൻ കിഷൻ. Photo: SunRisers Hyderabad/x.com
ഇഷാന്‍ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് തിരികെ നടന്നത്. 38 പന്തില്‍ 80 റണ്‍സാണ് ഹൈദരബാദ് ക്യാപ്റ്റനായുള്ള താരത്തിന്റെ ആദ്യ മത്സരത്തിലെ സമ്പാദ്യം. 210 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് അഞ്ച് സിക്‌സുകളും എട്ട് ഫോറുകളുമാണ്.
ഈ ഇന്നിങ്സോടെ ഒരു ലിസ്റ്റിലും ഇഷാന്‍ തന്റെ പേര് എഴുതി ചേര്‍ത്തു. ഐ.പി.എല്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരങ്ങളില്‍ ആറാമനായാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇടം പിടിച്ചത്.
ഈ ലിസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണാണ് ഒന്നാമത്. 2021 രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ താരം സെഞ്ച്വറി നേടിയിരുന്നു. 119 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
സഞ്ജു സാംസണ്‍.
(താരം – എതിരാളി – വര്‍ഷം – റണ്‍സ് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – പഞ്ചാബ് കിങ്സ് – 2021 – 119
മായങ്ക് അഗര്‍വാള്‍ – ദല്‍ഹി ക്യാപിറ്റല്‍സ് – 2021 – 99
ശ്രേയസ് അയ്യര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2018 – 93
ഫാഫ് ഡു പ്ലെസി – പഞ്ചാബ് കിങ്സ് – 2022
കിറോണ്‍ പൊള്ളാര്‍ഡ് – പഞ്ചാബ് കിങ്സ് – 2019 – 83
ഇഷാന്‍ കിഷന്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2026 – 80
ഹൈദരാബാദിനായി ഇഷാന്‍ കിഷന് പുറമെ അനികേത് വര്‍മ മികച്ച പ്രകടനം നടത്തി. താരം 18 പന്തില്‍ 43 റണ്‍സാണ് നേടിയത്. ഒപ്പം ഹെന്റിക്ക് ക്ലാസന്‍ 22 പന്തില്‍ 31 റണ്‍സും ചേര്‍ത്തു.
ജേക്കബ് ഡഫി. Photo: Johns/x.com
ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: IPL 2026: RCB vs SRH: Ishan Kishan registers 6th highest score on IPL Captaincy debut