| Monday, 11th May 2026, 6:55 am

പുറത്തായതിനൊപ്പം മറ്റൊരു നാണക്കേടും; അനാവശ്യനേട്ടത്തില്‍ തലപ്പത്ത്

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ലാസ്റ്റ് ബോള്‍ ത്രില്ലറിലായിരുന്നു മുംബൈയെ ആര്‍.സി.ബി തകര്‍ത്തുവിട്ടത്.

മുംബൈ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ബെംഗളൂരു മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

മുംബൈ ഇന്ത്യൻസ് താരങ്ങൾ. Photo: Shebas/x.com

തോല്‍വിയോടെ ഒരു നാണക്കേടും മുംബൈ തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തു. ഒരു മത്സരത്തിന്റെ അവസാന പന്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വി എന്ന അനാവശ്യ നേട്ടമാണ് മുന്‍ ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. എട്ട് തവണയാണ് മുംബൈ ഇങ്ങനെ അവസാന പന്തില്‍ തോല്‍വി വഴങ്ങിയത്.

ഈ നേട്ടത്തില്‍ മുംബൈ ഒറ്റക്കല്ല. ദില്‍ സേ ആര്‍മിയുടെ അത്ര തന്നെ തോല്‍വി നേരിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമുണ്ട്.

അവസാന പന്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങി ടീമുകള്‍, തോല്‍വികള്‍

മുംബൈ ഇന്ത്യന്‍സ് – 8

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 8

ചെന്നൈ സൂപ്പര്‍ കിങ്സ് – 5

രാജസ്ഥാന്‍ റോയല്‍സ് – 5

ഡല്‍ഹി ക്യാപിറ്റല്‍സ് – 4

പഞ്ചാബ് കിങ്സ് – 4

സണ്‍റൈസേഴ്സ് ഹൈദരാബാദ് – 4

തിലക് വർമ. Photo: MumbaiIndians/x.com

മുംബൈക്കായി തിലക് വര്‍മ 42 പന്തില്‍ 57 റണ്‍സും നമന്‍ ധിര്‍ 32 പന്തില്‍ 47 റണ്‍സും നേടി. ഇവര്‍ക്കൊപ്പം രോഹിത് ശര്‍മ 10 പന്തില്‍ 22 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റുകളും അല്ലാഹ് ഗസന്‍ഫര്‍, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബെംഗളൂരുവിനായി കൃണാല്‍ പാണ്ഡ്യ 46 പന്തില്‍ 73 റണ്‍സും ജേക്കബ് ബേഥല്‍ 27 പന്തില്‍ 27 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകളും ജോഷ് ഹേസല്‍വുഡ്. റാഷിഖ് സലാം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.

Content Highlight: IPL 2026: RCB vs MI: Mumbai Indians equals with KKR in losing most matches on last ball

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more