| Saturday, 28th March 2026, 11:16 pm

'അരങ്ങേറ്റ'ത്തില്‍ കണ്ണീരണിഞ്ഞ് ഇഷാന്‍; കിങ്ങിന്റെ ചിറകിലേറി ആര്‍.സി.ബിക്ക് വിജയത്തുടക്കം

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ലെ ആദ്യ മത്സരത്തില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ എസ്. ആര്‍. എച്ച് ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം 26 പന്തുകള്‍ ബാക്കി നില്‍ക്കെ ടീം മറികടക്കുകയായിരുന്നു. അതോടെ ആര്‍.സി.ബിക്ക് സീസണ്‍ വിജയത്തോടെ തുടങ്ങാനായി. മറുവശത്ത് ഇഷാന്‍ കിഷന് തന്റെ ക്യാപ്റ്റന്‍സി കരിയര്‍ തോല്‍വിയോടെ ആരംഭിക്കേണ്ടി വന്നു.

ആര്‍.സി.ബിക്കായി വിരാട് 38 പന്തില്‍ 69 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. 26 പന്തില്‍ 61 റണ്‍സെടുത്ത് ദേവദത്ത് പടിക്കലും സംഭാവന ചെയ്തു. ഇവര്‍ക്കൊപ്പം രജത് പടിദാര്‍ (12 പന്തില്‍ 31), ടിം ഡേവിഡ് (പത്ത് പന്തില്‍ 16*) റണ്‍സുമെടുത്ത് മികച്ച പ്രകടനം നടത്തി.

ഹൈദരാബാദിനായി ഡേവിഡ് പെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജയദേവ് ഉനദ്കട്ടും ഹര്‍ഷ് ദുബെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്സും അനികേത് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ടീം സ്‌കോര്‍ 200 കടത്തിയത്.

ഇഷാൻ കിഷൻ. Photo: SunRisers Hyderabad/x.com

ഇഷാന്‍ മത്സരത്തില്‍ 38 പന്തില്‍ 80 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അനികേത് 18 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഹെന്റിക്ക് ക്ലാസന്‍ 22 പന്തില്‍ 31 റണ്‍സും ചേര്‍ത്തു. ഇവര്‍ക്ക് പുറമെ ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത ട്രാവിസ് ഹെഡ് മാത്രമാണ് രണ്ടക്കം കടന്നത്.

ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

Content Highlight: IPL 2026: RCB defeated SRH in opening match for 6 wickets

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more