ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ട് രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. സി.എസ്.കെക്കായി 13 വര്‍ഷത്തോളം കളിച്ചതിനാല്‍ ടീം വിടുന്നത് കുറച്ച് വൈകാരികമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ഈ കൂടുമാറ്റം ക്രിക്കറ്റിങ് കരിയറിന്റെ ഭാഗമാണെന്ന് മനസിലാക്കിയെന്നും തന്റെ ആദ്യ ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജഡേജ.
രവീന്ദ്ര ജഡേജ. Photo: MANU./x.com
’12 – 13 വര്‍ഷത്തോളം സി.എസ്.കെക്കായി കളിച്ചതിനാല്‍ തുടക്കത്തില്‍ ടീം വിടുകയെന്നത് വളരെ പ്രയാസകരമായിരുന്നു. അത് വളരെ വൈകാരികമായ സമയമായിരുന്നു. പക്ഷേ, പ്രൊഫഷണല്‍ കരിയറിന്റെ ഭാഗമായാണ് ഞാന്‍ ഇതിനെ കണ്ടത്. മാറ്റങ്ങള്‍ അനിവാര്യമാണ്.
ഞാന്‍ ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ ടീമിലേക്ക് തന്നെ തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആ ഓർമകൾ എന്നും എന്നോടൊപ്പമുണ്ട്. പുതിയൊരു ടീമിനൊപ്പം എന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനും അവരില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ജഡേജ പറഞ്ഞു.
ചെന്നൈ ജേഴ്സിൽ രവീന്ദ്ര ജഡേജ.
ഈ സീസണിന് മുന്നോടിയായാണ് ജഡേജ രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. മലയാള താരം സഞ്ജു സാംസണിനെ സി. എസ്. കെയിലെത്തിച്ച സ്വാപ്പ് ഡീലിന്റെ ഭാഗമായായിരുന്നു ഈ കൂടുമാറ്റം. 2008ല്‍ ആര്‍.ആറിലൂടെ കരിയര്‍ തുടങ്ങിയ ഓള്‍ റൗണ്ടര്‍ക്ക് തന്റെ പഴയ ടീമിലേക്കുള്ള മടങ്ങിവരവായിരുന്നു. ചെന്നൈക്കൊപ്പം 2018, 2021, 2023 വര്‍ഷങ്ങളില്‍ ഐ. പി. എല്‍ കിരീടം നേടിയതിന് ശേഷമാണ് 37കാരന്‍ വീണ്ടും ആര്‍.ആറിലെത്തിയത്.
അതേസമയം, രാജസ്ഥാനിലേക്കുള്ള തന്റെ രണ്ടാം വരവ് ജഡേജ ഗംഭീരമാക്കി. കഴിഞ്ഞ ദിവസം സി. എസ്. കെക്കെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ ഓള്‍റൗണ്ടര്‍ വെറും 18 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.
Content Highlight: IPL 2026: Ravindra Jadeja reveals that leaving CSK was bit emotional at first