| Wednesday, 8th April 2026, 7:21 am

2024ല്‍ സഞ്ജുവിലൂടെ നേടിയത് ഇത്തവണ സഞ്ജുവില്ലാതെ; സൂപ്പര്‍ കിങ്‌സിന്റെ ചരിത്ര നേട്ടത്തില്‍ രാജസ്ഥാന്‍

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിന്റെ വിജയമാണ് പിങ്ക് ആര്‍മി നേടിയത്.

മോശം കാലാവസ്ഥ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

ഈ വിജയത്തോടെ ഒരു റെക്കോഡും രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടു. ഏറ്റവുമധികം തവണ ഒരു ഐ.പി.എല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഹല്ലാ ബോല്‍ ആര്‍മി തങ്ങളുടെ പേരില്‍ ഏഴുതിച്ചേര്‍ത്തത്. ഇത് മൂന്നാം തവണയാണ് രാജസ്ഥാന്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിക്കുന്നത്.

2015ല്‍ സ്റ്റീവ് സ്മിത്തിന്റെയും 2024ല്‍ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍സിയില്‍ ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ച രാജസ്ഥാന്‍ 2026ല്‍ റിയാന്‍ പരാഗിന് കീഴിലും ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

മൂന്ന് സീസണുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് രാജസ്ഥാന്‍ ഈ റെക്കോഡ് നേട്ടം പങ്കിടുന്നത്. 2008, 2015, 2019 സീസണുകളിലാണ് സൂപ്പര്‍ കിങ്‌സ് ഹാട്രിക് വിജയത്തോടെ സീസണ്‍ ആരംഭിച്ചത്.

അതേസമയം, മുംബൈയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളിന്റെയും വൈഭവ് സൂര്യവംശിയുടെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.

അഞ്ച് ഓവറില്‍ 80 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. വൈഭവിനെ മടക്കി ഷര്‍ദുല്‍ താക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങളെ ഒരു ദയവുമില്ലാതെ അടിച്ചൊതുക്കി വൈഭവ് 14 പന്തില്‍ 39 റണ്‍സ് നേടി. അഞ്ച് സിക്‌സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

32 പന്ത് മാത്രം നേരിട്ട് പുറത്താകാതെ 77 റണ്‍സടിച്ചാണ് ജെയ്‌സ്വാള്‍ മുംബൈ ബൗളര്‍മാര്‍ക്ക് മേല്‍ കാട്ടുതീയായ്പ്പടര്‍ന്നത്. എണ്ണം പറഞ്ഞ പത്ത് ഫോറും നാല് സിക്‌സറും അടക്കം 240.63 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

റിയാന്‍ പരാഗ് 10 പന്തില്‍ 20 റണ്‍സ് നേടി പുറത്തായി.

ഒടുവില്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് 150 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. തിലക് വര്‍മയൊഴികെ ആദ്യ അഞ്ച് താരങ്ങളും ഇരട്ടയക്കം കാണാതെ മടങ്ങി.

റിയാന്‍ റിക്കല്‍ടണ്‍ (നാല് പന്തില്‍ എട്ട്), രോഹിത് ശര്‍മ (ആറ് പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (മൂന്ന് പന്തില്‍ ആറ്), ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (ആറ് പന്തില്‍ ഒമ്പത്) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. പത്ത് പന്തില്‍ 14 റണ്‍സാണ് തിലകിന് നേടാന്‍ സാധിച്ചത്.

ഇംപാക്ട് പ്ലെയറായെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എട്ട് പന്തില്‍ 25 റണ്‍സ് നേടി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയത്തിന് അതൊന്നും പോരാതെ വരികയായിരുന്നു. 13 പന്തില്‍ 25 റണ്‍സടിച്ച നമന്‍ ധിറാണ് മറ്റൊരു റണ്‍ ഗെറ്റര്‍.

ഒടുവില്‍ 11 ഓവറില്‍ ഒമ്പതിന് 123 എന്ന നിലയില്‍ മുംബൈ പോരാട്ടം അവസാനിപ്പിച്ചു.

രാജസ്ഥാനായി സന്ദീപ് ശര്‍മ, നാന്ദ്രേ ബര്‍ഗര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ട്രെന്റ് ബോള്‍ട്ട് റണ്‍ ഔട്ടായപ്പോള്‍ ജോഫ്രാ ആര്‍ച്ചറും തുഷാര്‍ ദേശ്പാണ്ഡേയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

Content highlight: IPL 2026: Rajasthan Royals tops the list of most times winning first 3 games of an IPL season

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more