ഐ.പി.എല്‍ 2026ലെ ആദ്യ സെഞ്ച്വറി സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം അടിച്ചെടുത്തിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം 56 പന്തില്‍ 115 റണ്‍സാണ് നേടിയത്. നാല് സിക്സും അഞ്ച് ഫോറും അടങ്ങിയ ഈ ഇന്നിങ്സ് സി.എസ്.കെയുടെ ഈ സീസണിലെ ആദ്യ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.
ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. സഞ്ജുവില്‍ താന്‍ തൃപ്തനല്ലെന്നും താരത്തില്‍ നിന്ന് 80, 90 അല്ലെങ്കില്‍ 100 റണ്‍സ് അല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർ. അശ്വിൻ.
ടീമിന് ലഭിക്കുന്ന പോയിന്റുകളാണ് പ്രധാനമെന്നും അടുത്ത മൂന്ന് മത്സരങ്ങളില്‍ നിന്ന് ചെന്നൈയ്ക്ക് ആറ് പോയിന്റുകള്‍ നേടികൊടുത്താല്‍ മാത്രമേ താന്‍ സഞ്ജുവില്‍ തൃപ്തനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘സഞ്ജുവിന് ഒരു സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മാത്രം പോരാ. അവന്‍ 80 ഓ, 90 ഓ അല്ലെങ്കില്‍ 100 റണ്‍സോ അല്ല എനിക്ക് വേണ്ടത്. ടീമിന് ലഭിക്കുന്ന പോയിന്റാണ് പ്രധാനം. ഇപ്പോള്‍ ടീമിന് രണ്ട് പോയിന്റുണ്ട്. ഏപ്രില്‍ 14ന് രണ്ട് പോയിന്റ് കൂടി വേണം.
ആ പോയിന്റ് സ്വന്തമാക്കുകയാണ് സഞ്ജുവിന്റെ ജോലി. അവന്‍ ഇപ്പോള്‍ മികച്ച ഫോമിലാണ്. തന്റെ ബാറ്റിങ്ങിലൂടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുകള്‍ നേടി തന്നാല്‍ മാത്രമേ ഞാന്‍ അവനില്‍ തൃപ്തനാവുകയുള്ളൂ. ഞാന്‍ അതാണ് അവനില്‍ നിന്ന് ആഗ്രഹിക്കുന്നത്,’ അശ്വിന്‍ പറഞ്ഞു.
ചെന്നൈയില്‍ കളിച്ച ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒറ്റയക്കത്തിന് താരം പുറത്തായിരുന്നു. ആറ്, ഏഴ്, ഒമ്പത് എന്നിങ്ങനെയാണ് വിക്കറ്റ് കീപ്പറുടെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോറുകള്‍.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
അതോടെ സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വിമര്‍ശകരുടെ വായടപ്പിച്ചാണ് താരം സെഞ്ച്വറി നേടിയത്.
അതേസമയം, ഏപ്രില്‍ 14നാണ് ചെന്നൈയുടെ അടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് തന്നെയാണ് ഈ മത്സരത്തിന്റെ വേദി.
Content Highlight: IPL 2026: R Ashwin says that century is not enough from Sanju Samson and needs to get point for CSK