ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് (ഏപ്രില്‍ മൂന്ന്) തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. മുന്‍ സീസണിലെ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിങ്സാണ് എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം. എ. ചിദംബരം സ്റ്റേഡിയമാണ് വേദി.
ഇപ്പോള്‍ ഈ മത്സരത്തിലെ വിജയികളെ പ്രവചിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. പഞ്ചാബ് കിങ്‌സിനെ പിടിച്ചുകെട്ടുക പ്രയാസമാണെന്നും അവരാണ് ഈ മത്സരത്തിലെ ഫേവറേറ്റ്സെന്ന് അദ്ദേഹം പറഞ്ഞു.
Photo: Crictracker
ചെന്നൈയ്ക്ക് ജയിക്കണമെങ്കില്‍ ടീമിന്റെ ടോപ് ത്രീ മികച്ച പോരാട്ടം കാഴ്ചവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘എനിക്ക് ഇപ്പോഴും സി.എസ്.കെയോട് ഒരു ചായ്വുണ്ട്. പക്ഷേ, പഞ്ചാബിനെ പിടിച്ചുകെട്ടുക പ്രയാസമാണ്. ഒരു സംശയവുമില്ല, അവരാണ് ഈ മത്സരത്തിലെ ഫേവറൈറ്റ്‌സ്.
ചെന്നൈയുടെ ടോപ് ത്രീ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ഫോമിലേക്ക് എത്തണമെന്നാണ് എന്റെ ആഗ്രഹം,’ അശ്വിന്‍ പറഞ്ഞു.
പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com
ചെപ്പോക്കിലെ വിക്കറ്റില്‍ നല്ല ബൗണ്‍സുണ്ടെന്നും പിച്ച് കടുപ്പമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ബാറ്റിങ്ങിന് അനുകൂലമായത് പോലെയാണ് തോന്നുന്നത്. പന്തിന്റെ ലെങ്ത് ചെറുതായി തെറ്റിയാല്‍ പോലും ബാറ്റര്‍മാര്‍ക്ക് വലിയ ഷോട്ടുകള്‍ അടിക്കാന്‍ സാധിക്കും. സ്പിന്നര്‍മാര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ വലിയ സഹായം ലഭിക്കില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചെന്നൈ തോല്‍വിയോടെയാണ് ഈ സീസണ്‍ ആരംഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിനോട് എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് മുന്‍ ചാമ്പ്യന്മാര്‍ വഴങ്ങിയത്. അതിനാല്‍ തന്നെ ഈ മത്സരത്തില്‍ ജയിക്കാനുറച്ചാകും യെല്ലോ ആര്‍മി തങ്ങളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്.
മറുവശത്ത് ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസം പഞ്ചാബ് ചെന്നൈയെ നേരിടാനെത്തുക. ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ശ്രേയസും സംഘവും ആദ്യ മത്സരത്തില്‍ മുട്ടുകുത്തിച്ചത്. മൂന്ന് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
Content Highlight: IPL 2026: R. Ashwin predicts Punjab Kings will defeat CSK