| Monday, 13th April 2026, 12:56 pm

ഗോള്‍ കീപ്പറോടും ഡിഫന്‍ഡറോടും ആരെങ്കിലും എത്ര ഗോള്‍ നേടിയെന്ന് ചോദിക്കാറുണ്ടോ? ബുംറയുടെ വിമര്‍ശകര്‍ക്കെതിരെ അശ്വിന്‍

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ വിക്കറ്റ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. നാല് മത്സരങ്ങൾ അവസാനിക്കുമ്പോള്‍ താരം ഇതുവരെ വിക്കറ്റുകള്‍ ഒന്നും വീഴ്ത്തിയിട്ടില്ല. ഫാസ്റ്റ് ബൗളര്‍ ഇതുവരെ ഈ സീസണില്‍ 123 റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്.

അതിനാല്‍ തന്നെ വലിയ വിമര്‍ശനമാണ് ബുംറ നേരിടുന്നത്. ഇപ്പോള്‍ ഈ വിമര്‍ശകരെ ചോദ്യം ചെയ്യുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഫുട്‌ബോളില്‍ ഒരു ഡിഫന്‍ഡറോടോ ഗോള്‍ കീപ്പറോടോ എത്ര ഗോള്‍ സ്‌കോര്‍ ചെയ്തുവെന്ന് ആരും ചോദിക്കാറില്ലെന്നും ക്രിക്കറ്റില്‍ ഒരു ബൗളറുടെ പ്രാഥമിക ഉത്തരവാദിത്തം റണ്‍സ് വിട്ടുകൊടുക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർ. അശ്വിൻ. Photo: Mirror Now

ക്രുണാല്‍ പാണ്ഡ്യ സമ്മര്‍ദം ചെലുത്തിയതിനാലാണ് സുയാഷ് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതെന്നും ബുംറയ്ക്ക് മറ്റ് താരങ്ങള്‍ സപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ഫുട്‌ബോളില്‍ ആരും ഡിഫന്‍ഡറോട് എത്ര ഗോള്‍ നേടിയെന്ന് ചോദിക്കാറില്ല. ഗോള്‍ തടയുകയാണ് അവരുടെ ജോലി. ഗോള്‍ കീപ്പറോടും അങ്ങനെ ചോദിക്കുമോ? ഗോള്‍ വഴങ്ങാതിയിരിക്കുകയാണ് അയാള്‍ ചെയ്യേണ്ടത്. അതുപോലെ ടി – 20 ക്രിക്കറ്റില്‍ ഒരു ബൗളറുടെ പ്രാഥമിക ജോലി റണ്‍സ് വഴങ്ങാതിരിക്കുകയാണ്. ഒരു ആറ് റണ്‍സ് സേവ് ചെയ്താല്‍ നിങ്ങള്‍ ടീം അതുകൊണ്ട് ജയിച്ചേക്കാം.

ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ് നോക്കൂ. റണ്‍ റേറ്റ് 15 – 16 ആവുമ്പോള്‍ ബൗളര്‍ പത്ത് റണ്‍സ് മാത്രമാണ് വഴങ്ങുന്നതെങ്കില്‍ അവന്‍ മത്സരത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ്. കൂടാതെ അടുത്ത ബൗളര്‍ക്ക് വിക്കറ്റ് വീഴ്ത്താനുള്ള അവസരമൊരുക്കുകയും ചെയ്തു.

ക്രുണാല്‍ പാണ്ഡ്യ സമ്മര്‍ദം ചെലുത്തിയതിനാലാണ് സുയാഷ് ശര്‍മയ്ക്ക് രണ്ട് വിക്കറ്റുകള്‍ ലഭിച്ചത്. ബുംറയ്ക്ക് മുമ്പും ശേഷവും ആരാണ് പന്തെറിയുന്നത്? ബൗളിങ്ങില്‍ മുംബൈ വല്ലാതെ കഷ്ടപ്പെടുകയാണ്,’ അശ്വിന്‍ പറഞ്ഞു.

ജസ്പ്രീത് ബുംറ. Photo: R A T N I S H/x.com

ആര്‍.സി.ബിക്കെതിരായ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ബുംറയാണ് ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയത്. താരം വിട്ടുകൊടുത്തത് വെറും 35 റണ്‍സാണ്. ഫാസ്റ്റ് ബൗളറുടെ എക്കോണമി 8.75 ആണ്. മുംബൈ നിരയില്‍ മറ്റൊരു താരത്തിനും ഒമ്പതിന് താഴെ എക്കോണമിയില്ല.

മാത്രമല്ല, ഈ സീസണില്‍ തന്നെ മുംബൈയുടെ എക്കോണമിക്കല്‍ ബൗളറും ബുംറയാണ്. 8.20 ആണ് താരത്തിന്റെ എക്കോണമി. രണ്ടാം സ്ഥാനത്തുള്ളത് മിച്ചല്‍ സാന്റ്‌നറാണ്. 9.28 എക്കോണമിയാണ് താരത്തിനുള്ളത്.

Content Highlight: IPL 2026: R. Ashwin defends Jasprit Bumrah amid wicket less run

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more