| Monday, 18th May 2026, 11:45 am

തുടർച്ചയായി ഏഴ് കളി തോറ്റാലും പ്ലേ ഓഫിലെത്താം; ചരിത്രത്തിലെ അപൂർവ ടീമാവുമോ പഞ്ചാബ്?

Sudev A

2026 ഐ.പി.എല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്ലേ ഓഫിലേക്ക് മുന്നേറാനായി കടുത്ത പോരാട്ടമാണ് ടീമുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയത്.

സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫ് യോഗ്യതയുടെ അരികിലാണ്. ഇരു ടീമിനും പ്ലേ ഓഫിലെത്താന്‍ ഒരു ജയം മാത്രം മതി. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് പ്രതീക്ഷകളുമായി മുന്നേറുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ദല്‍ഹി ക്യാപിറ്റല്‍സിനും പ്ലേ ഓഫ് പ്രതീക്ഷകളുണ്ട്.

എന്നാല്‍ ഐ.പി.എല്ലില്‍ ഈ സീസണില്‍ ഏറെ ഞെട്ടിച്ചത് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്‌സിന്റെ പതനമായിരുന്നു. സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് കിങ്‌സ് പിന്നീട് തകരുകയായിരുന്നു. ആദ്യ ഏഴ് മത്സരങ്ങളില്‍ പഞ്ചാബ് ആറ് ജയം സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

പഞ്ചാബ് കിങ്‌സ്. Photo: IndianPremierLeague/x.com

ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു ശ്രേയസ് അയ്യരും സംഘവും. പ്ലേ ഓഫിലേക്ക് കടക്കാന്‍ പിന്നീടുള്ള ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമായിരുന്നു ടീമിന് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ പിന്നീടുള്ള ആറ് മത്സരങ്ങളില്‍ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. എന്നാല്‍ പഞ്ചാബിന് ഇനിയും പ്ലേ ഓഫിലേക്ക് കടക്കാനുള്ള ചെറിയ ചില സാധ്യതകളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ഇനിയുള്ള മത്സരങ്ങളിലെ ഫലങ്ങള്‍ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകളില്‍ നിര്‍ണായകമാകും. ചെന്നൈ, രാജസ്ഥാന്‍, ദല്‍ഹി എന്നീ ടീമുകളെല്ലാം ഇനിയുള്ള മത്സരങ്ങളില്‍ പരാജയപ്പെടുകയും കൊല്‍ക്കത്ത ദല്‍ഹിക്കെതിരെ വിജയിക്കുകയും ചെയ്താല്‍ പഞ്ചാബിന് 13 പോയിന്റുമായി പ്ലേ ഓഫിലേക്ക് കടക്കാം.

ചെന്നൈക്കും രാജസ്ഥാനും ഇനി രണ്ട് വീതം മത്സരങ്ങളാണുള്ളത്. ഹൈദരാബാദും ഗുജറാത്തുമാണ് സി.എസ്.കെയുടെ എതിരാളികള്‍. ലഖ്നൗവും മുംബൈയുമാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളിലും രാജസ്ഥാനും ചെന്നൈയും പരാജയപ്പെട്ടാല്‍ 12 പോയിന്റോടെ ഇരു ടീമുകളും പുറത്താവും.

കൊല്‍ക്കത്തയ്ക്കും രണ്ട് മത്സരങ്ങളുണ്ട്. മുംബൈ, ദല്‍ഹി എന്നീ ടീമുകള്‍ക്കെതിരെയാണ് കൊല്‍ക്കത്തയുടെ മത്സരം. ഇതില്‍ കൊല്‍ക്കത്ത മുംബൈക്കെതിരെ പരാജയപ്പെടുകയും ദല്‍ഹിയെ വീഴ്ത്തുകയും ചെയ്താല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അനുകൂലമാകും.

ദല്‍ഹിക്ക് നിലവില്‍ 12 പോയിന്റുണ്ട്. എന്നാല്‍ ടീമിന് ഒരു മത്സരം മാത്രമേ ബാക്കിയുള്ളൂ. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയെ മറികടക്കാന്‍ സാധിച്ചാല്‍ മാത്രമേ ദല്‍ഹിക്ക് പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കാന്‍ സാധിക്കുകയുള്ളൂ. കൊല്‍ക്കത്തയ്ക്ക് നിലവില്‍ 11 പോയിന്റാണുള്ളത്. കെ.കെ.ആര്‍ മുംബൈക്കെതിരെ പരാജയപ്പെടുകയും ദല്‍ഹിയെ തോല്‍പ്പിക്കുകയും ചെയ്താല്‍ 13 പോയിന്റുമായി ടീമിന് ഈ സീസണ്‍ അവസാനിപ്പിക്കാനാവും.

ഈ സാഹചര്യത്തിലാണ് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തെളിയുന്നത്. എല്‍.എസ്.ജിക്കെതിരെയുള്ള പഞ്ചാബിന്റെ അവസാന മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും പഞ്ചാബ് പ്ലേ ഓഫിലെത്തും. നെറ്റ് റണ്‍ റേറ്റും മഴമൂലം ലഭിച്ച ഒരു പോയിന്റുമാണ് പഞ്ചാബിന് അനുകൂലമാവുന്നത്. +0.227 ആണ് പഞ്ചാബിന്റെ റണ്‍ റേറ്റ് എന്നാല്‍ കൊല്‍ക്കത്തയുടെ റണ്‍ റേറ്റ് -0.38 ആണ്.

പഞ്ചാബിന്റെ റണ്‍ റേറ്റ് മറികടക്കണമെങ്കില്‍ കൊല്‍ക്കത്തയ്ക്ക് വലിയ മാര്‍ജിനില്‍ തന്നെ വിജയിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ പഞ്ചാബിന്റെ അടുത്ത മത്സരത്തില്‍ എല്‍.എസ്.ജിയോട് പരാജയപ്പെട്ടാലും പഞ്ചാബ് 13 പോയിന്റോടെ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

കണക്കിലെ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ പരാജയപ്പെട്ടാലും പഞ്ചാബിന് പ്ലേ ഓഫിലേക്ക് മുന്നേറാനാവും. ഇത്തരത്തില്‍ പ്ലേ ഓഫില്‍ കടക്കുന്ന ചരിത്രത്തിലെ അപൂര്‍വ ടീമായി പഞ്ചാബ് മാറുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Content Highlight: IPL 2026 Punjab Kings play off chances possibilities

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more