| Tuesday, 31st March 2026, 11:26 pm

അരങ്ങേറ്റക്കാരനോട് തോറ്റ് മുന്‍ ചാമ്പ്യന്‍മാര്‍; ജയിച്ചുതുടങ്ങി പഞ്ചാബ്

ആദർശ് എം.കെ.

ഐ.പി.എല്‍ 2026ലെ നാലാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍   3 വിക്കറ്റിന്റെ വിജയമാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ സ്വന്തമാക്കിയത്.

ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയുടെ കരുത്തില്‍ 5  പന്ത് ശേഷിക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് തുടക്കത്തില്‍ തന്നെ സായ് സുദര്‍ശനെ നഷ്ടപ്പെട്ടിരുന്നു. 11 പന്തില്‍ 13 റണ്‍സ് നേടിയാണ് സായ് മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോസ് ബട്‌ലറിനൊപ്പമുള്ള ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ചെറുത്തുനില്‍പ് ടൈറ്റന്‍സ് ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ ഗില്ലിനെ മടക്കി യൂസി ചഹല്‍ ബ്രേക് ത്രൂ നേടി. 27 പന്തില്‍ 39 റണ്‍സാണ് ഗില്‍ നേടിയത്. പിന്നാലെയെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് 25 റണ്‍സ് നേടി പുറത്തായി.

സ്‌കോര്‍ 129ല്‍ നില്‍ക്കവെ 33 പന്തില്‍ 38 റണ്‍സ് നേടിയ ജോസ് ബട്‌ലറിനെയും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് നഷ്ടമായി. 16 പന്തില്‍ 18 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ ഇന്നിങ്‌സും എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 14 റണ്‍സും ടീമിനെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 162ലെത്തിച്ചു.

പഞ്ചാബിനായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു ടൈറ്റന്‍സ് താരത്തെയും മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനും ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ഏഴ് റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കി കഗീസോ റബാദയാണ് ആദ്യ രക്തം ചിന്തിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയെ ഒപ്പം കൂട്ടി പ്രഭ്‌സിമ്രാന്‍ സിങ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

ശ്രേയസ് അയ്യര്‍ (11 പന്തില്‍ 18), നേഹല്‍ വധേര (ആറ് പന്തില്‍ മൂന്ന്), ശശാങ്ക സിങ് (അഞ്ച് പന്തില്‍ നാല്), മാര്‍ക് സ്റ്റോയ്മിന്‌സ് (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെ നഷ്ടപ്പെട്ടെങ്കിലും മറുവശത്ത് കൂപ്പര്‍ കനോലി ചെറുത്തുനിന്നു.

കൂപ്പര്‍ കനോലി 44 പന്തില്‍ പുറത്താകാതെ 72 റണ്‍സ് നേടി. അഞ്ച് വീതം ഫോറും സിക്‌സറും അടക്കം 163.64 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഒടുവില്‍ അഞ്ച് പന്ത് ശേഷിക്കവെ പഞ്ചാബ് വിജയം സ്വന്തമാക്കി.

ഏപ്രില്‍ മൂന്നിനാണ് പഞ്ചാബ് രണ്ടാം മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content Highlight: IPL 2026:  Punjab Kings defeated Gujarat Titans

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more