| Saturday, 25th April 2026, 8:15 pm

റണ്‍മലയും താണ്ടി, ചരിത്രവും കുറിച്ചു; രാഹുലിന്റെ സെഞ്ച്വറി നിഷ്പ്രഭമാക്കി അയ്യര്‍പ്പട

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്സ്. അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ദല്‍ഹി ക്യാപിറ്റല്‍സിനെ അയ്യരും സംഘവും തോല്‍പ്പിച്ചത്. ദല്‍ഹിക്കായി കെ.എല്‍ രാഹുല്‍ സെഞ്ച്വറി നേടിയെങ്കിലും പഞ്ചാബ് താരങ്ങള്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി വിജയം നേടിയെടുക്കുകയായിരുന്നു.

ദല്‍ഹി ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. വിജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിർത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി മികച്ച സ്‌കോറുയര്‍ത്തിയത് 150+ സ്‌കോര്‍ നേടിയ കെ.എല്‍ രാഹുലിന്റെ കരുത്തിലായിരുന്നു. താരം 67 പന്തില്‍ 152 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഒപ്പം 44 പന്തില്‍ 91 റണ്‍സുമായി നിതീഷ് റാണയും തിളങ്ങി. മൂന്നാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായ ടീമിനായി രാഹുലും റാണയും ചേര്‍ന്ന് 220 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

കെ.എൽ. രാഹുലും നിതീഷ് റാണയും. Photo: IndianPremierLeague/x.com

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും സേവ്യര്‍ ബാര്‍ട്ട്ലെറ്റും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ വെടിക്കെട്ടെടോയാണ് പഞ്ചാബ് തുടങ്ങിയത്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും 126 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ചെയ്‌സിങ്ങിന് തുടക്കമിട്ടത്. ഈ സ്‌കോറില്‍ നില്‍ക്കെ ഏഴാം ഓവറില്‍ 17 പന്തില്‍ 43 റണ്‍സുമായി നിന്ന പ്രിയാന്‍ഷിനെ അക്സര്‍ പട്ടേല്‍ മടക്കി.

പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും. Photo: IndianPremierLeague/x.com

ഏറെ വൈകാതെ കുല്‍ദീപ് യാദവ് പഞ്ചാബിന് ഇരട്ട പ്രഹരമേല്പിച്ചു. 26 പന്തില്‍ 76 റണ്‍സുമായി നിന്ന പ്രഭ്‌സിമ്രാനും പിന്നാലെത്തിയ കൂപ്പര്‍ കനോലിയുമാണ് (പത്ത് പന്തില്‍ 17) കുല്‍ദീപിന്റെ ഇരകളായത്.

പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരും നേഹല്‍ വധേരയും പോരാട്ടം ഏറ്റെടുത്തു. 15 പന്തില്‍ 25 റണ്‍സുമായി വധേര വിപ്രജ് നിഗത്തിന്റെ മുന്നില്‍ കീഴടങ്ങിയെങ്കിലും അയ്യര്‍ വെടിക്കെട്ട് തുടര്‍ന്നു.

മത്സരത്തിനിടെ രണ്ട് തവണ ജീവന്‍ ലഭിച്ച ശ്രേയസ് ഒടുവില്‍ പഞ്ചാബിനെ വിജയത്തിലെത്തിച്ചു. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന ചെയ്സിലൂടെയാണ് വിജയമെന്നത് ഇതിന്റെ മാധുര്യമേറ്റുന്നു.

Content Highlight: IPL 2026: Punjab Kings defeated Delhi Capitals and registered highest successful ever chase in IPL history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more