| Sunday, 31st May 2026, 5:32 pm

പി.എസ്.ജി രണ്ടാമതും തൂക്കി; ഇനി ആര്‍.സി.ബിയുടെ ഊഴമോ?

ഫസീഹ പി.സി.

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം വാനോളം നല്‍കി മറ്റൊരു ഐ.പി.എല്‍ ഫൈനലിന് മണിക്കൂറുകള്‍ക്കകം അരങ്ങുണരും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്.

ശക്തരായ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ആരായിക്കും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ ഗുജറാത്തിന്റെ ലക്ഷ്യം രണ്ടാം കിരീടമാണെങ്കില്‍ ബെംഗളൂരുവിന് കഴിഞ്ഞ വര്‍ഷം നേടിയ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തണം.

കലാശപ്പോരിനായി കാത്തിരിക്കുമ്പോള്‍ ബെംഗളൂരു ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പി.എസ്. ജിയുടെ വിജയമാണ് അവരെ ആവേശത്തിലാക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ക്ലബ് തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയപ്പോള്‍ ആര്‍.സി.ബിയും കന്നി കിരീടത്തില്‍ മുത്തമിട്ടിരുന്നു.

2025 ഐ.പി.എൽ കിരീടവുമായി ആർ.സി.ബി. Photo: IndianPremierLeague/x.com

ഇരുവരും വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു കന്നി കിരീടം നേടിയെടുത്തത്. ആദ്യമായി യു.സി.എല്‍ ട്രോഫിയില്‍ പി.എസ്.ജി മുത്തമിട്ടത് 2025 ജൂണില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചായിരുന്നു. അന്ന് ഫ്രഞ്ച് ക്ലബ്ബ് തങ്ങളുടെ 55 വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമിട്ടത്.

അതേവര്‍ഷം തന്നെ ആര്‍.സി.ബി തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചു. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ കരയിപ്പിച്ച് ബെംഗളൂരു 18 വര്‍ഷങ്ങളുടെ കണ്ണീരിനാണ് അന്ത്യം കുറിച്ചത്. ഈ വര്‍ഷമിപ്പോള്‍ ഒരിക്കല്‍ കൂടി അവര്‍ കിരീടത്തോടെ അടുത്ത് നില്‍ക്കുകയാണ്.

2026 യു.സി.എൽ കിരീടവുമായി പി.എസ്.ജി താരങ്ങൾ. Photo: باريس سان جيرمان/x.com

മറുവശത്ത് പി.എസ്.ജി തങ്ങളുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗും കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ എത്തിയ ആഴ്‌സണലിനെ മുട്ടുകുത്തിച്ചാണ് ടീമിന്റെ കിരീടനേട്ടം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ടീം സമനില പിടിച്ചെടുത്തു. ശേഷിക്കുന്ന സമയമെല്ലാം കളി 1 – 1 എന്ന നിലയിലായതോടെ എക്‌സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ദി പാരീസിയന്‍സ് കപ്പ് നിലനിര്‍ത്തിയത്.

ഒരുപാട് വര്‍ഷങ്ങളില്‍ കിരീടമില്ലാതിരുന്ന ട്രോഫി ക്യാബിനറ്റില്‍ പി.എസ്.ജി മറ്റൊരു ട്രോഫി കൂടി എത്തിച്ചത് ആര്‍.സി.ബി ആരാധകര്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. തങ്ങളുടെ അതേ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ഒരേ വര്‍ഷം ആദ്യ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുകയും ചെയ്തത ടീം എന്ന നിലയില്‍ പി.എസ്.ജിയെ ആര്‍.സി.ബിയും കിരീടം നിലനിര്‍ത്തുക എന്ന സ്വപ്നതുല്യ നേട്ടം കൈവരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകളത്രയും.

Content Highlight: IPL 2026: PSG has defended Champions League Trophy; is it RCB’s turn now?

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more