| Wednesday, 6th May 2026, 9:39 pm

അടിച്ചടിച്ച് പഞ്ചാബിനെ പഞ്ചറാക്കി; വെടിക്കെട്ടില്‍ നേട്ടത്തില്‍ ഹൈദരാബാദ് മുംബൈക്കൊപ്പം

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്സും പരസ്പരം ഏറ്റുമുട്ടുകയാണ്. എസ്.ആര്‍.എച്ചിന്റെ തട്ടകമായ ഉപ്പലില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 235 റണ്‍സെടുത്തിട്ടുണ്ട്. ഹെന്റിക് ക്ലാസന്റെയും ഇഷാന്‍ കിഷന്റെയും കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഒരിക്കല്‍ കൂടി ഹൈദരാബാദ് 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തതോടെ ഒരു സൂപ്പര്‍ നേട്ടവും കുറിച്ചു. ഐ.പി.എല്ലില്‍ ഒരു എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ 200+ റണ്‍സ് നേടിയ ടീം എന്ന നേട്ടമാണ് ഉദയസൂര്യന്മാര്‍ തങ്ങളുടെ പേരിലാക്കിയത്. പഞ്ചാബ് കിങ്‌സിനെതിരെ എട്ട് തവണയാണ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ. Photo: iplt20.com

ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഈ നേട്ടം പങ്കിടുന്നത്. മുംബൈ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 200+ ടാര്‍ഗറ്റ് ഉയര്‍ത്തിയിട്ടുള്ളത് എട്ട് തവണയാണ്.

ഹൈദരബാദ് നിരയില്‍ ഹെന്റിക് ക്ലാസന്‍ 43 പന്തില്‍ 69 റണ്‍സും ഇഷാന്‍ കിഷന്‍ 32 പന്തില്‍ 55 റണ്‍സും നേടി. ട്രാവിസ് ഹെഡ് (19 പന്തില്‍ 38), അഭിഷേക് ശര്‍മ (13 പന്തില്‍ 35), നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ 29*) എന്നിവര്‍ സംഭാവന ചെയ്തു. യുസ്വേന്ദ്ര ചഹല്‍, ലോക്കി ഫെര്‍ഗുസന്‍, അര്‍ശ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

പഞ്ചാബ് കിങ്സ് മറുപടി ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. രണ്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് പത്ത് റണ്‍സെടുത്തിട്ടുണ്ട്. കൂപ്പർ കനോലിയും (രണ്ട് പന്തില്‍ ഒരു റണ്‍സ്), ശ്രേയസ് അയ്യരുമാണ് (മൂന്ന് പന്തില്‍ അഞ്ച്) ക്രീസിലുള്ളത്.

പ്രഭ്‌സിമ്രാന്‍ സിങ് (നാല് പന്തില്‍ മൂന്ന്), പ്രിയാന്‍ഷ് ആര്യ (മൂന്ന് പന്തില്‍ ഒരു റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനും നിതീഷ് കുമാര്‍ റെഡ്ഡിക്കുമാണ് വിക്കറ്റുകള്‍.

Content Highlight: IPL 2026: PBKS vs SRH:  SRH equals with Mumbai Indians in most 200+ totals against an opponent in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more