| Sunday, 17th May 2026, 5:30 pm

വിരാടിന്റെ അടിയില്‍ സച്ചിനും ഡു പ്ലെസിയും ഒരുമിച്ച് വീണു; ഇനി സിംഹാസനം കിങ്ങിന് സ്വന്തം!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം ധര്‍മശാലയില്‍ അരങ്ങേറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 222 റണ്‍സെടുത്തിട്ടുണ്ട്. വെങ്കടേഷ് അയ്യരുടെ മികച്ച ബാറ്റിങ്ങാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 37 പന്തില്‍ 58 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. മൂന്ന് സിക്‌സുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു 37കാരന്റെ ഇന്നിങ്സ്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഈ ഇന്നിങ്സോടെ ഈ സീസണിലെ വിരാടിന്റെ സമ്പാദ്യം 542 ആയി ഉയര്‍ന്നു. മറ്റൊരു സീസണില്‍ കൂടി 500 റണ്‍സ് നേടിയതോടെ ഒരു നേട്ടവും തന്റെ പേരില്‍ കുറിച്ചു. 35 വയസിന് ശേഷം ഏറ്റവും കൂടുതല്‍ സീസണുകളില്‍ 500+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കിങ് സ്വന്തമാക്കിയത്. മൂന്ന് സീസണുകളിലാണ് താരം ഇങ്ങനെ 500 റണ്‍സ് നേടിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഫാഫ് ഡു പ്ലെസിയെയും മറികടന്നാണ് വിരാടിന്റെ ഈ നേട്ടം. ഇരുവരും 35 വയസിന് ശേഷം രണ്ട് സീസണുകളില്‍ 500+ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. സനത് ജയസൂര്യ, മൈക്കല്‍ ഹസി, ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ ഓരോ സീസണുകളിലും 500 റണ്‍സിന് മുകളില്‍ റണ്‍സ് നേടി ഈ ലിസ്റ്റില്‍ തങ്ങളുടെ പേരും ചേര്‍ത്തുവെച്ചു.

വെങ്കടേഷ് അയ്യർ.Photo: IndianPremierLeague/x.com

അതേസമയം, മത്സരത്തില്‍ 40 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത് വെങ്കടേഷ് അയ്യർ ആര്‍.സി.ബിയുടെ ടോപ് സ്‌കോററായി. ടിം ഡേവിഡ് 12 പന്തില്‍ 28 റണ്‍സും സംഭാവന ചെയ്തു.

പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റുകള്‍ എടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: PBKS vs RCB: Virat Kohli top the list of most IPL seasons with 500+ runs after 35 years

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more