2026 ഐ.പി.എല്ലില്‍ 58ാം മത്സരത്തില്‍ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.
തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയപ്പെട്ട് വരുന്ന പഞ്ചാബിന് പ്ലേഓഫിലേക്ക് എത്താന്‍ വിജയം അനിവാര്യമാണ്. അതേസമയം, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ വിജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനായിരിക്കും മുംബൈയുടെ ലക്ഷ്യം.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രീത് ബുംറ. Photo: iplt20.com
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ കാത്ത് ഒരു വമ്പന്‍ നേട്ടമുണ്ട്. ടി – 20 ക്രിക്കറ്റില്‍ 350 വിക്കറ്റ് വീഴ്ത്താനുള്ള അവസരമാണുള്ളത്. ഇതിനായി താരത്തിന് വേണ്ടത് വെറും രണ്ട് വിക്കറ്റുകളാണ്.
നിലവില്‍ ബുംറയ്ക്ക് ടി – 20യില്‍ 348 വിക്കറ്റുകളുണ്ട്. 278 ഇന്നിങ്സുകളില്‍ കളിച്ചാണ് ഫാസ്റ്റ് ബൗളര്‍ ഇത്രയും വിക്കറ്റുകള്‍ തന്റെ അക്കൗണ്ടില്‍ എത്തിച്ചത്. ഇന്ത്യ, ഗുജറാത്ത്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.
പഞ്ചാബിനെതിരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചാല്‍ 350 ടി – 20 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന പട്ടം ബുംറയ്ക്ക് സ്വന്തമാക്കാം. ഒപ്പം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറുമാകാനും ഫാസ്റ്റ് ബൗളര്‍ക്ക് സാധിക്കും.
യുസ്വേന്ദ്ര ചഹൽ.
യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മാത്രമാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയവര്‍. കുട്ടി ക്രിക്കറ്റില്‍ ചഹലിന് 392 വിക്കറ്റുകളും ഭുവിക്ക് 357 വിക്കറ്റുകളുമാണുള്ളത്.
അതേസമയം, 2026 ടി – 20 ലോകകപ്പ് ഫൈനലിലെ താരമായ ബുംറയ്ക്ക് ഇതുവരെ ഐ.പി.എല്ലില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. 11 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഫാസ്റ്റ് ബൗളര്‍ വീഴ്ത്തിയത്. ഈ സീസണില്‍ 116.33 ശരാശരിയും 8.51 എക്കോണമിയുമാണ് താരത്തിനുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 15 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ ഈ സീസണിലെ മികച്ച പ്രകടനം.
Content Highlight: IPL 2026: PBKS vs MI: Jasprit Bumrah needs two wickets to complete 350 T2o wickets