ഐ.പി.എല്‍ 2026ലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍വി വഴങ്ങിയിരുന്നു. പഞ്ചാബ് കിങ്സിനോട് മൂന്ന് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ പരാജയപ്പെട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 162 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കാഗിസോ റബാദ. Photo: OutlookIndia
പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ പ്രോട്ടിയാസ് ബൗളര്‍ കാഗിസോ റബാദ തന്റെ ആദ്യ ഓവറില്‍ ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയിരുന്നു. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റായിരുന്നു താരം നേടിയത്.
പിന്നീട് റബാദയ്ക്ക് വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. ടി – 20 ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലാണ് താരം പിന്നിട്ടത്. അതോടെ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമായും ഫാസ്റ്റ് ബൗളര്‍ തന്റെ പേര് ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റുകള്‍ നേടിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍
(താരം – ഇന്നിങ്സ് – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ഇമ്രാന്‍ താഹിര്‍ – 431 – 572
തബ്രീസ് ഷംസി – 310 – 363
വെയ്ന്‍ പാര്‍നല്‍ – 297 – 323
കാഗിസോ റബാദ – 244 – 300
ക്രിസ് മോറിസ് – 231 – 290
മത്സരത്തില്‍ ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, അശോക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു.
പഞ്ചാബിനായി കൂപ്പര്‍ കനോലിയാണ് തിളങ്ങിയത്. 44 പന്തില്‍ പുറത്താകാതെ 72 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒപ്പം പ്രഭ്സിമ്രാന്‍ സിങ് 24 പന്തില്‍ 37 റണ്‍സും നേടി.
Content Highlight: IPL 2026: PBKS vs GT: Kagiso Rabada completes 300 T20 wickets and became fourth South African to do so