| Saturday, 4th April 2026, 11:55 am

ഒന്നല്ല, പല തരത്തില്‍ ആറ് തോല്‍വി; സൂപ്പര്‍ കിങ്‌സിന് കഷ്ടകാലമൊഴിയുന്നില്ല

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം.

ബാറ്റര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ബൗളര്‍മാരുടെ മോശം പ്രകടനമാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

മുന്‍ നായകന്‍ എം.എസ്. ധോണിയില്ലാതെയായിരുന്നു സൂപ്പര്‍ കിങ്‌സ് കളത്തിലറങ്ങിയത്. തലയില്ലാതെ ഒടുവില്‍ കളത്തിലിറങ്ങിയ ആറ് മത്സരത്തിലും ടീം പരാജയപ്പെട്ടിരുന്നു. 2010ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും പരാജയപ്പെട്ട സി.എസ്.കെ 2019ല്‍ സണ്‍റൈസേഴ്‌സിനോടും മുംബൈ ഇന്ത്യന്‍സിനോടും തോല്‍വിയേറ്റുവാങ്ങി.

ഈ സീസണില്‍ പരിക്ക് മൂലം ധോണിക്ക് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ രാജസ്ഥാനോടും ഇപ്പോള്‍ പഞ്ചാബിനോടും ചെന്നൈ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്.

എം.എസ്. ധോണി

ക്യാപ്റ്റനെന്ന നിലയില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെ ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ പരാജയപ്പെട്ട സി.എസ്.കെ ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും തോറ്റു.

ഋതുരാജ് ഗെയ്ക്വാദ്.

സ്വന്തം തട്ടകമായ ചെപ്പോക്കിലും സിംഹങ്ങള്‍ക്ക് കഷ്ടകാലം തന്നെയാണ്. എന്നാല്‍ ഇവിടെ ഒടുവില്‍ കളിച്ച ആറല്ല, ഏഴ് മത്സരത്തിലും ടീം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സ് അവസാനമായി ചെപ്പോക്കില്‍ വിജയം സ്വന്തമാക്കിയത്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സിന് സഞ്ജു സാംസണെ (ഏഴ് പന്തില്‍ ഏഴ്) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ആയുഷ് മാഹ്ത്രെയുടെ കരുത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. 43 പന്തില്‍ 73 റണ്‍സാണ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. 27 പന്തില്‍ പുറത്താകാതെ 45 റണ്‍സുമായി ശിവം ദുബെയും 12 പന്തില്‍ 32 റണ്‍സുമായി സര്‍ഫറാസ് ഖാനും തിളങ്ങിയതോടെ സൂപ്പര്‍ കിങ്സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ടോപ്പ് ഓര്‍ഡറിന്റെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39), പ്രഭ്സിമ്രാന്‍ സിങ് (34 പന്തില്‍ 43), കൂപ്പര്‍ കനോലി (22 പന്തില്‍ 36), ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50) എന്നിവരാണ് പഞ്ചാബിനായി റണ്ണടിച്ചത്.

നാളെയാണ് സൂപ്പര്‍ കിങ്സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ടോപ്പ് സ്‌കോറര്‍.

Content highlight: IPL 2026: PBKS vs CSK: Chennai Super Kings lost 6 consecutive match under Gaikwad

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more