ഐ.പി.എല്‍ 2026ല്‍ രണ്ടാം വിജയം സ്വന്തമാക്കിയ സണ്‍റൈസേഴ്സ് ഹൈദരബാദിന് സന്തോഷ വാര്‍ത്ത. പരിക്കേറ്റ് പുറത്തിരിക്കുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഉടന്‍ തിരിച്ചെത്തിയേക്കുമെന്ന വിവരം. താരം നാളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷം ഏപ്രില്‍ 17ന് കമ്മിന്‍സ് ഇന്ത്യയിലേക്ക് തിരിക്കുമെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താരം തിരിച്ചെത്തുന്നതോടെ ഹൈദരബാദിന് ബൗളിങ്ങില്‍ വലിയ ആശ്വാസമാകും.
പാറ്റ് കമ്മിൻസ്.
കമ്മിന്‍സ് മാര്‍ച്ച് 27ന് ഹൈദരാബാദ് ക്യാമ്പില്‍ എത്തിയിരുന്നു. പിന്നീട് ഫിറ്റ്‌നസ് ടെസ്റ്റിനായി ഓസ്ട്രേലിയയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
അതേസമയം, പരിക്കേറ്റ ബ്രൈഡന്‍ കാഴ്‌സിന് പകരക്കാരനെയും ഹൈദരബാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുശങ്കയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ബേസ് വിലയായ 75 ലക്ഷം രൂപയ്ക്കാണ് ഇടം കൈയ്യന്‍ പേസര്‍ ടീമിലെത്തിയത്.
ശ്രീലങ്കക്കായി ഒരു ടെസ്റ്റിലും 28 ഏകദിനങ്ങളിലും 19 ടി – 20 കളിലും കളിച്ചിട്ടുള്ള താരമാണ് മധുശങ്ക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം 70 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
2024 ഐ.പി.എല്ലില്‍ മധുശങ്ക മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റില്‍ താരം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഹാംസ്ട്രിങ് ഇഞ്ചുറിയായിരുന്നു താരത്തിന് അന്ന് വിനയായത്.
ദിൽഷൻ മധുശങ്ക.Photo: Johns/x.com
ഐ.പി.എല്‍ 2026 ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് കാഴ്സിന് പരിക്കേറ്റത്. ടീമിന്റെ ആദ്യ മത്സരത്തിന് മുമ്പ് നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ താരത്തിന് വലത് കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് മാറി താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.
ഹൈദരബാദ് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചിരുന്നു. 57 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. അരങ്ങേറ്റക്കാരായ പ്രഫുല്‍ ഹിംഗെയുടെയും സാകിബ് ഹുസൈനിന്റെയും പ്രകടനത്തിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
വിജയത്തോടെ ഹൈദരബാദ് പോയിന്റ് ടേബിള്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നിലവില്‍ ടീമിന് നാല് പോയിന്റാണുള്ളത്.
Content Highlight: IPL 2026: Pat Cummins may return immediately and SRH announced Dilshan Madushanka as replacement for Brydon Carse