| Thursday, 13th November 2025, 9:27 pm

ധോണി വിക്കറ്റ് കീപ്പിങ് തുടരും, സഞ്ജുവിന് കാത്തിരിക്കേണ്ടി വരും: എസ്. ബദരീനാഥ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ല്‍ എം.എസ്. ധോണി ഒരു ഇംപാക്ട് പ്ലെയറായി മാത്രം കളിക്കാന്‍ സാധ്യതയില്ലെന്നും താരം തന്നെ വിക്കറ്റ് കീപ്പറാവുമെന്നും മുന്‍ ചെന്നൈ താരം എസ്. ബദരീനാഥ്. ധോണിക്ക് വിശ്രമം നൽകി സഞ്ജുവിനെ കീപ്പറാക്കിയേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബദരീനാഥ്.

‘എം.എസ്. ധോണി ഇംപാക്ട് പ്ലെയറായി കളിക്കില്ല. കളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം പ്രധാന കീപ്പറായിരിക്കും. ചെപ്പോക്കില്‍ ആരാധകര്‍ക്കായി ധോണി മൈതാനത്ത് ഉണ്ടാകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.

ഇംപാക്ട് പ്ലെയറായാൽ അദ്ദേഹം അവസാന രണ്ട് ഓവറുകളിലായിരിക്കും എത്തുക, അല്ലെങ്കിൽ ഒട്ടും കളിക്കാതെയോ ഇരിക്കും. ചിലപ്പോള്‍ ധോണി എല്ലാ മത്സരത്തിലും കളിക്കില്ലെങ്കിലും വിക്കറ്റ് കീപ്പറായി അദ്ദേഹം തന്നെ തുടരും, ക്യാപ്റ്റന്‍ ആയേക്കില്ല.

കൂടാതെ അദ്ദേഹം വിശ്രമിക്കുമ്പോള്‍ സഞ്ജു സാംസണിനെ പോലെ ഒരാള്‍ വിക്കറ്റ് കീപ്പറാവുന്നതും സംഭവിക്കില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തീരുമാനം എടുക്കുകയും സഞ്ജുവിനോട് സംസാരിക്കുകയും ചെയ്യും,’ എസ്.ബദരീനാഥ് പറഞ്ഞു.

ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് കൈമാറി താരത്തെ ടീമിലെത്തിക്കാനാണ് മുന്‍ ചാമ്പ്യന്മാരുടെ നീക്കം. ഈ ഡീല്‍ അവസാന ഘട്ടത്തിലാണെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, വിദേശ താരമായ സാം കറനെ കൈമാറുന്നതില്‍ നടപടി ക്രമങ്ങളാണ് ഈ ട്രേഡ് വൈകുന്നതിന് കാരണമെന്നാണ് വിവരം. അതിനിടെ ഇന്നോ(നവംബര്‍ 13) നാളെയോ (നവംബര്‍ 14) ഇരുടീമുകളും തമ്മിലുള്ള ട്രേഡ് സൈനിങ് നടക്കുമെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

അതേസമയം, ഇരു ടീമുകളുടെയും ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല. സഞ്ജു സി.എസ്.കെയിലേക്ക് എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്.ബദരീനാഥിന്റെ നിരീക്ഷണം.

Content Highlight: IPL 2026: MS Dhoni will continue to keep wickets, Sanju Samson will have to wait: S. Badrinath

We use cookies to give you the best possible experience. Learn more