| Tuesday, 19th May 2026, 1:10 pm

ഗെയ്ക്വാദിന് പറ്റിയ ഏക പിഴവ് അതാണ്; ചൂണ്ടിക്കാണിച്ച് വോണ്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം. ഈ തോല്‍വി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

ഇപ്പോള്‍ ചെന്നൈയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. മത്സരത്തില്‍ അകീല്‍ ഹൊസൈനെ കൊണ്ട് നാല് ഓവറുകള്‍ എറിയിക്കേണ്ടതായിരുന്നുവെന്നും അതാണ് ഋതുരാജ് ഗെയ്ക്വാദ് നടത്തിയ ഏക പിഴവെന്നും അദ്ദേഹം പറഞ്ഞു.

മൈക്കൽ വോൺ.

അകീല്‍ ഹൊസൈന്‍ ഒരു ഓവറില്‍ മൂന്ന് സിക്‌സുകള്‍ വഴങ്ങുമെന്ന് ഗെയ്ക്വാദ് ഭയപ്പെട്ടിരിക്കാമെന്നും സ്പിന്നറുടെ നാല് ഓവര്‍ നേരത്തെ പരീക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസിൽ സംസാരിക്കുകയായിരുന്നു വോണ്‍.

‘അകീല്‍ ഹൊസൈന്‍ മൂന്ന് ഓവര്‍ മാത്രമാണ് എറിഞ്ഞത്. അവനൊരു ലോകോത്തര ബൗളറാണ്. അവനെ കൊണ്ട് നാല് ഓവര്‍ എറിയിക്കേണ്ടതായിരുന്നു. സ്പിന്നര്‍ക്ക് ഒരു ഓവറില്‍ മൂന്ന് സിക്‌സുകള്‍ വഴങ്ങേണ്ടി വരുമെന്ന് ഋതുരാജ് ഗെയ്ക്വാദ് ഭയന്നിരിക്കാം.

അങ്ങനെയെങ്കില്‍ അകീലിന്റെ നാലാമത്തെ ഓവര്‍ നേരത്തെ പരീക്ഷിക്കാമായിരുന്നു. തോല്‍വിക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ലോകോത്തര താരത്തെ മൂന്ന് ഓവര്‍ മാത്രമേ എറിയിച്ചുള്ളൂവെന്നത് വലിയ തെറ്റായി കണക്കാക്കേണ്ടി വരും. സി.എസ്.കെയ്ക്ക് ഈ മത്സരത്തില്‍ വരുത്താന്‍ കഴിയുമായിരുന്ന ഏക മാറ്റവും അതായിരുന്നു,’ വോണ്‍ പറഞ്ഞു.

അകീൽ ഹൊസെൻ. Photo: CRIC WEEK/x.com

മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ അകീല്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. അപകടകാരിയായ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് താരം പുറത്താക്കിയത്. ഹൈദരാബിനെതിരെ വെറും 21 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. 7.00 ആയിരുന്നു താരത്തിന്റെ എക്കോണമി.

Content Highlight: IPL 2026: Michael Vaughan says that not giving Akeal Hosein fourth over is the only real mistake done by Ruturaj Gaikwad

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more