ഐ.പി.എല്‍ 2026ല്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്ന് (ഏപ്രില്‍ 29) മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക. ആതിഥേയര്‍ക്ക് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.
ഈ ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ മുംബൈ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ അവസരമുണ്ട്. മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്.
സൂര്യകുമാർ യാദവ്. Photo: IndianPremierLeague/x.com
ഇതിനായി സ്‌കൈക്ക് വെറും ഒമ്പത് റണ്‍സ് മാത്രം മതി. മുംബൈ ജേഴ്‌സിയില്‍ താരത്തിന് 3907 റണ്‍സാണുള്ളത്. 119 തവണ ടീമിനായി കളത്തില്‍ ഇറങ്ങിയതാണ് താരം ഇത്രയും റണ്‍സ് അക്കൗണ്ടിലാക്കിയത്.
ഈ മത്സരത്തില്‍ ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ സൂര്യ കിറോണ്‍ പൊള്ളാര്‍ഡിനെ മറികടന്ന് രണ്ടാമതാകും. 3915 റണ്‍സുമായി നിലവില്‍ താരമാണ് ടീമിന്റെ രണ്ടാമത്തെ റണ്‍ഗെറ്റര്‍.
രോഹിത് ശർമ. Photo: IndianPremierLeague/x.com
മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുളളത് മുന്‍ നായകനായ രോഹിത് ശര്‍മയാണ്. 236 ഇന്നിങ്‌സില്‍ ടീമിനായി കളിച്ചിട്ടുള്ള താരം 6286 റണ്‍സ് നേടിയിട്ടുണ്ട്.
ഐ.പി.എല്‍ 2026ല്‍ സൂര്യ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ഏഴ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം ഒരു അര്‍ധ സെഞ്ച്വറിയടക്കം 157 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 51 റണ്‍സാണ് വലം കൈയ്യന്‍ ബാറ്ററുടെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. 22.43 ആവറേജിലും 142.72 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.
അതേസമയം, ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ടീമിന് വെറും നാല് പോയിന്റ് മാത്രമാണുള്ളത്. അതിനാല്‍ തന്നെ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് ഏറെ നിര്‍ണായകമാണ്.
Content Highlight: IPL 2026: MI vs SRH: Suryakumar Yadav needs 9 runs to became second highest run getter of Mumbai Indians by surpassing Kieron Pollard