| Monday, 13th April 2026, 7:12 am

'മുംബൈ ചാ രാജ'; തോല്‍വിയിലും ചിരിച്ച് ഹിറ്റ്മാന്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍ത്തിരുന്നു. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് ആതിഥേയരുടെ തോല്‍വി.

ബെംഗളൂരു ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 222 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. ഇതോടെ മുന്‍ ചാമ്പ്യന്മാര്‍ക്ക് മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നു.

രോഹിത് ശർമ. Photo: IndianPremierLeague/x.com

മത്സരത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ 13 പന്തില്‍ 19 റണ്‍സെടുത്തിരുന്നു. ഒരു സിക്സും രണ്ട് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. പരിക്കേറ്റ താരം ആറാം ഓവറില്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുകയായിരുന്നു.

തിരിച്ച് നടക്കുന്നതിന് മുമ്പ് തന്നെ രോഹിത് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനായി 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന പട്ടമാണ് ഹിറ്റ്മാന്‍ തന്റെ പേരില്‍ ചേര്‍ത്തത്.

ആര്‍.സി.ബിക്കെതിരെ ആറ് റണ്‍സ് നേടിയതോടെയാണ് രോഹിത് ഈ നാഴികക്കല്ലിലെത്തിയത്. നിലവില്‍ താരത്തിന് 6013 റണ്‍സണുള്ളത്. മുന്‍ ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തിയത് ദില്‍ സെ ആര്‍മിക്കായി 231 മത്സരങ്ങളായില്‍ കളിച്ചാണ്. 2011 മുതല്‍ ടീമിനൊപ്പമുള്ള രോഹിത് ടീമിനായി രണ്ട് തവണ സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറികളും അടിച്ചിട്ടുണ്ട്.

അതേസമയം, മത്സരത്തില്‍ ഇംപാക്ട് പ്ലെയര്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 31 പന്തില്‍ 71 റണ്‍സെടുത്ത് തിളങ്ങി. ഹര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 40 റണ്‍സും റിയാന്‍ റിക്കിള്‍ട്ടണ്‍ 22 പന്തില്‍ 37 റണ്‍സും സംഭാവന ചെയ്തു.

ബെംഗളൂരുവിനായി സുയാഷ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫി, റാസിക് സല്‍മാന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആര്‍.സി.ബിക്കായി മൂന്ന് താരങ്ങൾ അര്‍ധ സെഞ്ച്വറി നേടി. ഫില്‍ സാള്‍ട്ട് 36 പന്തില്‍ 78 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ രജത് പടിദാര്‍ 20 പന്തില്‍ 53 റണ്‍സും വിരാട് കോഹ്‌ലി 38 പന്തില്‍ 50 റണ്‍സും സ്‌കോര്‍ ചെയ്തു. ടിം ഡേവിഡ് 16 പന്തില്‍ 34 റണ്‍സുമായി പുറത്താവാതെ നിന്നു.

രജത് പടിദാറും വിരാട് കോഹ്‌ലിയും. Photo: Royal Challengers Bengaluru/x.com

മുംബൈയ്ക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Content Highlight: IPL 2026: MI vs RCB: Rohit Sharma became first batter to score 6000 runs for Mumbai Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more