| Monday, 30th March 2026, 9:06 am

ഒറ്റ റണ്ണില്‍ കിങ് വീണു; ഇനി സിംഹാസനത്തില്‍ രോഹിത് യുഗം

ഫസീഹ പി.സി.

2026 ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തെറിഞ്ഞിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്മാര്‍ വിജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മയുടെയും റയാന്‍ റിക്കില്‍ട്ടണിന്റെയും സെഞ്ച്വറി കൂട്ടുകെട്ടിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.

കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നാണ് വിജയിച്ചത്. അതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ചാമ്പ്യന്മാര്‍ക്ക് ഐ.പി.എല്ലിലെ ആദ്യ മത്സരം വിജയിക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ രോഹിത് ശര്‍മ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. താരം 38 പന്തില്‍ 78 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ആറ് വീതം സിക്സും ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 205. 26 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ താണ്ഡവം.

രോഹിത് ശർമ. Photo: IndianPremierLeague/x.com

ഈ ഇന്നിങ്സോടെ രോഹിത് കൊല്‍ക്കത്തക്കെതിരെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു. കൊല്‍ക്കത്തക്കെതിരെ താരത്തിനുള്ളത് 1160 റണ്‍സാണുള്ളത്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും രോഹിത് തലപ്പത്തെത്തി. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന പട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് 38കാരന്റെ നേട്ടം.

ഐ.പി.എല്ലില്‍ വിരാട് പഞ്ചാബിനെതിരെ നേടിയ 1159 റണ്‍സുമായാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇപ്പോള്‍ ഒറ്റ റണ്ണിന് രോഹിത് താരത്തെ മറികടന്നു.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങൾ

(താരം – എതിരാളി – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 1160

വിരാട് കോഹ്‌ലി – പഞ്ചാബ് കിങ്സ് – 1159

വിരാട് കോഹ്‌ലി – ചെന്നൈ സൂപ്പര്‍ കിങ്സ് – 1146

ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്സ് – 1134

വിരാട് കോഹ്‌ലി – ദല്‍ഹി ക്യാപിറ്റല്‍സ് – 1130

ഡേവിഡ് വാര്‍ണര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 1093

റയാൻ റിക്കിൽട്ടൺ. Photo: IndianPremierLeague/x.com

രോഹിത്തിന് പുറമെ റിക്കില്‍ട്ടണും അര്‍ധ സെഞ്ച്വറി നേടി. 43 പന്തില്‍ 81 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇവര്‍ക്കൊപ്പം തിലക് വര്‍മ (14 പന്തില്‍ 20), ഹര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 18*), സൂര്യകുമാര്‍ യാദവ് (എട്ട് പന്തില്‍ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: IPL 2026: MI vs KKR: Rohit Sharma surpassed Virat Kohli in most runs against a Team in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more