ഐ.പി.എല്ലില്‍ പുതുനേട്ടം സ്വന്തമാക്കി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഏറ്റവും കൂടുതല്‍ ടി – 20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മലയാളി വിക്കറ്റ് കീപ്പര്‍ കുറിച്ചത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ ഈ നേട്ടം.
വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു പുറത്താവാതെ സെഞ്ച്വറി നേടിയിരുന്നു. 54 പന്തുകളില്‍ നിന്ന് 101* റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇന്നിങ്‌സിലെ അവസാന പന്ത് ബൗണ്ടറി ലൈനില്‍ എത്തിച്ചാണ് മലയാളി ബാറ്റര്‍ ചെന്നൈ ജേഴ്‌സിയിയിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ ഇന്നിങ്‌സില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് ആറ് സിക്‌സുകളും പത്ത് ഫോറുകളുമാണ്.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഈ സെഞ്ച്വറി സഞ്ജുവിന്റെ എട്ടാം ടി – 20 സെഞ്ച്വറിയാണ്. 320 ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഇത്രയും സെഞ്ച്വറികള്‍ അടിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ടി – 20 സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മക്കൊപ്പവും വലം കൈയ്യന്‍ ബാറ്റര്‍ തന്റെ പേര് ചേര്‍ത്തു.
(താരം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 184 – 9
വിരാട് കോഹ്ലി – 403 – 9
സഞ്ജു സാംസണ്‍ – 320 – 8
രോഹിത് ശര്‍മ – 454 – 8
ഇഷാന്‍ കിഷന്‍ – 227 – 7
കെ.എല്‍. രാഹുല്‍ – 231 – 7
മത്സരത്തില്‍ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്വാദും ഡെവാള്‍ഡ് ബ്രെവിസും ഭേദപ്പെട്ട പ്രകടനം നടത്തി. ഗെയ്ക്വാദ് 14 പന്തില്‍ 22 റണ്‍സും ബ്രെവിസ് 11 പന്തില്‍ 21 റണ്‍സും നേടി.
കാര്‍ത്തിക് ശര്‍മ (19 പന്തില്‍ 18), ജെയ്മി ഓവര്‍ട്ടണ്‍ (ഏഴ് പന്തില്‍ 15), സര്‍ഫറാസ് ഖാന്‍ (എട്ട് പന്തില്‍ 14) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇവരുടെ പ്രകടനത്തില്‍ കരുത്തില്‍ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.
മുംബൈക്കായി അല്ലാഹ് ഗസന്‍ഫറും അശ്വനി കുമാറും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlight: IPL 2026: MI vs CSK: Sanju Samson equals with Rohit Sharma in most T20 century among Indians