ഐ.പി.എല്‍ 2026ല്‍ താരങ്ങളുടെ പരിക്കും തുടര്‍ തോല്‍വികളും കാരണം വലയുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം. സീസണിന് മുന്നോടിയായി നടന്ന താരലേലത്തിലൂടെ ടീമിലെത്തിച്ച ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഏപ്രില്‍ പകുതിയോട് കൂടി പതിരാന കൊല്‍ക്കത്തയുടെ ക്യാമ്പില്‍ ചേരുമെന്നാണ് വിവരം. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍, താരത്തിന് ഇതുവരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാല്‍ മാത്രമേ ഫാസ്റ്റ് ബൗളര്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിക്കൂ.
മതീഷ പതിരാന. Photo: SportsTiger
2026 ടി – 20 ലോകകപ്പിനിടെയാണ് പതിരാനയ്ക്ക് പരിക്കേറ്റത്. ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ താരത്തിന് കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെയാണ് കെ.കെ.ആറിന് 18 കോടിക്ക് ടീമിലെത്തിച്ച ബൗളറുടെ സേവനം ആദ്യ മത്സരങ്ങളില്‍ നഷ്ടമായത്.
നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെങ്കിലും പാതിരാന എന്ന് ഐ.പി.എല്ലില്‍ കളിക്കുമെന്ന് വ്യക്തമല്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള എന്‍.ഒ.സി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും താരം കളത്തിലിറങ്ങുക.
അതേസമയം, ഈ വാര്‍ത്ത കൊല്‍ക്കത്തയുടെ ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന് വലിയ ഉണര്‍വാണ് നല്‍കുന്നത്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടീമിന് രണ്ട് പേസര്‍മാരെ നഷ്ടമായിരുന്നു. ആകാശ് ദീപും ഹര്‍ഷിത് റാണയുമാണിത്. ഇരുവര്‍ക്കും പരിക്ക് കാരണമാണ് സീസണ്‍ നഷ്ടമാകുന്നത്.
ഹർഷിത് റാണ. Photo: Akash/x.com
കൂടാതെ, ലേലത്തിലൂടെ ടീമിലെത്തിച്ച ബംഗ്ലാദേശി ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെയും കൈവിടേണ്ടി വന്നു. തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം മൂലമാണ് ടീം താരത്തെ ഒഴിവാക്കിയത്.
ഇതിന് പുറമെ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും പരിക്കേറ്റിട്ടുണ്ട്. താരം കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ കളിച്ചിരുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിടെയായിരുന്നു പരിക്കേറ്റത്.
സീസണില്‍ ഇതുവരെ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സോട് തോറ്റ മുന്‍ ചാമ്പ്യന്മാര്‍ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നിലും മുട്ടുകുത്തി. മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
Content Highlight: IPL 2026: Matheesha Pathirana resumes bowling and may join mid April with KKR: Report