ഐ.പി.എല്‍ 2026ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. എസ്.ആര്‍.എച്ചിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം. ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം ആദ്യ വിജയം സ്വന്തമാക്കിയത്.
ഹൈദരബാദ് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം ലഖ്നൗ ഒരു പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അവസാന പന്ത് വരെ ആരാധകരെ മുന്‍മുനയില്‍ നിര്‍ത്തിയാണ് പന്തും സംഘവും വിജയം പിടിച്ചെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിന് തുടക്കം പിഴച്ചിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ടീം തകര്‍ന്നടിഞ്ഞിരുന്നു. പിന്നാലെത്തിയ ലിയാം ലിവിങ്സ്റ്റണും വലിയ പ്രകടനം നടത്താതെ മടങ്ങിയതോടെ ഉദയസൂര്യന്മാര്‍ നാലിന് 26 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഹെൻറിക്ക് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും. Photo: Johns/x.com
പിന്നീട് ഒരുമിച്ച ഹെന്റിക് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയും ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തി. ഇരുവരും അഞ്ചാം വിക്കറ്റില്‍ ചേര്‍ത്തത് 116 റണ്‍സാണ്. ആദ്യം 33 പന്തില്‍ 56 റണ്‍സെടുത്ത നിതീഷും പിന്നാലെ 41 പന്തില്‍ 62 റണ്‍സുമായി ക്ലാസനും മടങ്ങി.
പിന്നാലെത്തിയവര്‍ക്ക് സ്‌കോര്‍ ബോര്‍ഡിലേക്ക് 12 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്. അതോടെ എസ്.ആര്‍.എച്ച് ഒമ്പത് വിക്കറ്റിന് 156 റണ്‍സിലെത്തി.
ലഖ്നൗക്കായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മണിമാരന്‍ സിദ്ധാര്‍ത്ഥും ദിഗ്വേഷ് സിങ് രാഥിയും ഓരോ വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ലഖ്നൗവിന് അഞ്ചാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ഇഷാൻ മലിംഗ മടക്കിയെങ്കിലും ഏയ്ഡന്‍ മര്‍ക്രമും ക്യാപ്റ്റന്‍ പന്തും ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 27 പന്തില്‍ 45 റണ്‍സെടുത്തത് തിരികെ നടന്നു. ശിവാങ് കുമാറാണ് താരത്തെ പുറത്താക്കിയത്.
പിന്നാലെത്തിയ ആയുസ് ബദോണിയെ കൂട്ടുപിടിച്ച് പന്ത് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ ബദോണി ഹര്‍ഷ് ദുബെയ്ക്ക് വിക്കറ്റ് നല്‍കി തിരികെ നടന്നു. അഞ്ചാമതായി ബാറ്റിങ്ങിനെത്തിയ നിക്കോളാസ് പൂരന്‍ റണ്‍ഔട്ടായി കൂടാരം കയറി.
അതോടെ അബ്ദുല്‍ സമദ് ക്രീസിലെത്തി. താരം പന്തുമായി ചേര്‍ന്ന് ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 12 പന്തില്‍ 16 റണ്‍സുമായി പുറത്തായി. ഹര്‍ഷ് ദുബെ തന്നെയാണ് താരത്തെയും മടക്കിയത്.
അതോടെ ലഖ്നൗ സമ്മര്‍ദത്തിലായി. മറുവശത്ത് മുകുള്‍ ചൗധരി പിടിച്ച് നിന്നതോടെ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. പന്ത് 50 പന്തില്‍ 68 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ലഖ്നൗവിന് വിജയിക്കാന്‍ വേണ്ടത്. ആദ്യ രണ്ട് പന്തില്‍ പന്ത് ഫോറടിച്ച് ടീമിനെ വിജയത്തിനോട് അടുപ്പിച്ചു. എന്നാല്‍, അടുത്ത രണ്ട് പന്തുകളില്‍ താരത്തിന് റണ്‍സൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ ഫോറടിച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.
Content Highlight: IPL 2026: LSG vs SRH: Lucknow Super Giants defeated SunRisers Hyderabad