2026 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. ഇതോടെ ടീമിന് പോയിന്റ് ടേബിളിലും മുന്നേറ്റമുണ്ടാക്കാനും സാധിച്ചിരുന്നു.
മത്സരത്തില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയത് റിങ്കു സിങ്ങാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ താരത്തിന്റെ ഇന്നിങ്സാണ് ടീമിനെ പിടിച്ചുയര്‍ത്തിയത്. ആറാമനായി ഇറങ്ങിയ താരം 51 പന്തുകള്‍ നേരിട്ട് സ്‌കോര്‍ ചെയ്തത് 83 റണ്‍സാണ്.
റിങ്കു സിങ്. Photo: Abhishek AB/x.com
അഞ്ച് സിക്‌സുകളും ഏഴ് ഫോറുകളുമാണ് റിങ്കുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. 162.75 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇടം കൈയ്യന്‍ ബാറ്ററുടെ ഈ ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
എന്നാല്‍, ഈ ഇന്നിങ്സ് മാത്രമല്ല റിങ്കുവില്‍ നിന്ന് മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് തുണയായത്. ലഖ്നൗ ബാറ്റിങ്ങിനെത്തിയപ്പോള്‍ താരം ഫീല്‍ഡിങ്ങിലും ടീമിന്റെ നേടും തൂണായി. നാല് നിര്‍ണായക ക്യാച്ചുകളാണ് താരം നേടിയത്.
ഏയ്ഡന്‍ മര്‍ക്രം, മുകുള്‍ ചൗധരി, ഹിമ്മത് സിങ്, ജോര്‍ജ് ലിൻഡെ എന്നിവരാണ് റിങ്കുവിന്റെ ഇരകളായത്. മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോഴും താരം കൊല്‍ക്കത്തയുടെ രക്ഷകനായി.
റിങ്കു സിങ്ങും റോവ്മാൻ പവലും. Photo: IndianPremierLeague/x.com
സുനില്‍ നരെയ്ന്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലെ മൂന്നാം പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിനെ പുറത്താക്കാനുള്ള ക്യാച്ച് പൂര്‍ത്തിയാക്കിയതും റിങ്കുവാണ്. മര്‍ക്രം അടിച്ച ഷോട്ട് ബൗണ്ടറി ലൈനില്‍ അരികില്‍ റോവ്മാന്‍ പവല്‍ പിടിച്ചെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട താരം പന്ത് ക്രീസിലേക്ക് എറിഞ്ഞു. ഇത് ഓടിയെത്തിയ റിങ്കു കൈക്കലാക്കി ക്യാച്ച് പൂര്‍ത്തിയാക്കി.
രണ്ട് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്കായി ബാറ്റിങ്ങിനും റിങ്കു തന്നെയെത്തി. സൂപ്പര്‍ ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് താരം ടീമിന് വിജയം സമ്മാനിച്ചു.
Content Highlight: IPL 2026: LSG vs KKR: Rinku Singh score 84 runs and taken 4 catches against LSG