ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ടീമിന്റെ തോല്‍വി. പന്തിന്റെയും സംഘത്തിന്റെയും ആറാം തോല്‍വിയാണിത്.
മത്സരത്തില്‍ ലഖ്നൗ പേസര്‍ മൊഹ്സിന്‍ ഖാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ടിം സിഫെര്‍ട്ട്, അജിന്‍ക്യ രഹാനെ, റോവ്മാന്‍ പവല്‍, കാമറൂണ്‍ ഗ്രീന്‍, അനുകൂല്‍ റോയ് എന്നിവരാണ് താരത്തിന്റെ ഇരകളായത്.
മൊഹ്‌സിൻ ഖാൻ. Photo: iplt20.com
വെറും 23 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു മൊഹ്സിന്റെ പ്രകടനം. 5.75 എക്കോണമിലായിരുന്നു താരം പന്തെറിഞ്ഞത്. ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇടം കൈയ്യന്‍ ഇന്ത്യന്‍ പേസറുടെ മികച്ച ബൗളിങ് പ്രകടനമാണ് ലഖ്നൗ ബൗളര്‍ തന്റെ പേരില്‍ കുറിച്ചത്.
ജയ്ദേവ് ഉനദ്കടിനെ മറികടന്നാണ് മൊഹ്സിന്റെ നേട്ടം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി താരം 2013ല്‍ 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഡെയര്‍ ഡെവിള്‍സിനെതിരെയായിരുന്നു താരത്തിന്റെ ഈ പ്രകടനം. ഇതാണ് മൊഹ്സിന്‍ പഴങ്കഥയാക്കിയത്.
അതേസമയം, മത്സരത്തില്‍ മൊഹ്‌സിന് പുറമെ ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ റിഷബ് പന്ത് 38 പന്തില്‍ 42 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 27 പന്തില്‍ 31 റണ്‍സും ചേര്‍ത്തു. അവസാന പന്തില്‍ മുഹമ്മദ് ഷമി സിക്‌സടിച്ച് കളി സമനിലയിലെത്തിച്ചു.
അതോടെ സൂപ്പര്‍ ഓവറിലേക്ക് പോയെങ്കിലും ലഖ്നൗവിന് വെറും ഒരു റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇത് അനായാസം പിന്തുടര്‍ന്ന് കൊല്‍ക്കത്ത വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: IPL 2026: LSG pacer Mohsin Khan registered best bowling figure by a left arm Indian pacer in IPL